2011, മേയ് 30, തിങ്കളാഴ്‌ച

അല്ലാഹുവുമായുള്ള ബന്ധം



ദൈവവീക്ഷണം:ഏകദൈവത്വം

മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്.പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു. കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന്‍ ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു.

ഒന്നിലധികം ഈശ്വരന്മാര്‍ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: "ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു."(21:22) "ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു."(17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്. ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല.

കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല, രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24) ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന്‍ അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന്‍ ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന് ‍; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം. പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു. പരമദയാലു, പരമകാരുണികന്‍ എന്നിവ അല്ലാഹുവിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന്‍ ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന്‍ പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു.

അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന്‍ സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്‍കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്‍ഹിക്കുന്നവന്‍. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു. മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്.

ചുരുക്കത്തില്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം (അല്ലാഹു) ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. അതിനാല്‍ ദൈവമല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ വ്യവസ്ഥനിശ്ചയിച്ചത് ആ നിയമമനുസരിച്ചാണ് അത് ചലിച്ചുകൊണ്ടിരിക്കുന്നത്.   അതിനാല്‍ അവന്‍ പ്രാപഞ്ചിക വിധികര്‍ത്താവാണ്. ഭൂമിയില്‍ സ്വേഛപ്രകാരം ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട ഏകഭൗതിക ജീവി മനുഷ്യനാണ് എന്നാല്‍ അവന്‍ സര്‍വതന്ത്രസ്വതന്ത്രനല്ല. അവന്റെ കര്‍മങ്ങള്‍ക്ക്  ദൈവം പരിധിനിശ്ചയിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിന് വേണ്ട മുഴുവന്‍ നിയമങ്ങളും നല്‍കിയിരിക്കുന്നു. അഥവാ മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവും ദൈവമാണ്. ഇതിലൊന്നും ദൈവമല്ലാതെ ആര്‍ക്കും പങ്കില്ല.  ആ ദൈവിക നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യത മനുഷ്യനുണ്ട് എന്ന നിലയില്‍ ദൈവം യജമാനനും മനുഷ്യന്‍ അവന്റെ അടിമയുമാണ്. അവനാണ് പ്രപഞ്ചത്തിന്റെ ഉടമ എന്ന നിലയില്‍ ദൈവം സര്‍വലോകനാഥനാണ്. സകല സൗകര്യങ്ങളും നല്‍കിയതിനാ
ല്‍നമ്മുടെ  ഒരേയൊരു ആരാധ്യന്‍ ദൈവം മാത്രമാണ്.




0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates