
ഇസ്‌ലാം എന്നത് ഒരു അറബി ശബ്ദമാണ്. അനുസരണം, കീഴ്‌വണക്കം, സമ്പൂര്‍ണസമര്‍പ്പണം എന്നെല്ലാം അതിനര്‍ഥമുണ്ട്. അഥവാ ഇസ്‌ലാമെന്നാല്‍ ദൈവത്തെ അനുസരിക്കലും അവന് കീഴ്‌വണങ്ങലും അവനില്‍ സര്‍വസ്വം അര്‍പിക്കലുമാണ്. ഇസ്‌ലാം എന്ന പദത്തിന്റെ മറ്റൊരര്‍ഥം സമാധാനം എന്നാണ്. ദൈവത്തിന് സ്വയം സമര്‍പ്പിക്കുക വഴി ഒരാള്‍ക്ക് ശാരീരികവും മാനസികവുമായ സമാധാനം ലഭ്യമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഈ സമാധാനം സമൂഹത്തിലുടനീളം സമാധാനത്തിന് ഹേതുവാകുന്നു.മിക്ക മതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ (ക്രിസ്തുമതം, ബുദ്ധമതം) അല്ലെങ്കില്‍ അതുല്‍ഭവിച്ച സമുദായത്തിന്റെയോ ഗ്രോത്രത്തിന്റെയോ (യഹൂദമതം) അതുമല്ലെങ്കില്‍ ദേശത്തിന്റെയോ (ഹിന്ദുമതം) പേരിലാണറിയപ്പെടുന്നത്. ഇസ്‌ലാം ഈ പൊതു തത്വത്തിന് അപവാദമാണ്. ആ നാമം ഉള്‍കൊള്ളുന്നത് മേല്‍സൂചിപ്പിച്ച സവിശേഷമായ ഗുണത്തെയാണ്. വ്യക്തി, നാമം, ജനത എന്നിവയോട്...