2011, ഏപ്രിൽ 13, ബുധനാഴ്‌ച

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ ?


ചോദ്യോത്തരം : വിശ്വാസകാര്യങ്ങള്‍

പരലോകമുണ്ടെന്നതിന് തെളിവ്


മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ?


അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.

ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, ജിന്ന് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യന്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ. ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സിലൂടെ അറിവ് ലഭിക്കുന്ന അനുഗൃഹീതരായ പ്രവാചകന്മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കുരുടന്മാര്‍ ചോദ്യം ചെയ്യുന്നതുപോലെയാണ്. ഇലയുടെ നിറം പച്ചയും കാക്കയുടെ നിറം കറുപ്പും പാലിന്റെ വര്‍ണം വെളുപ്പുമാണെന്ന് നാം പറയുമ്പോള്‍ തങ്ങളത് കണ്ടറിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ അന്ധന്മാര്‍ അതംഗീകരിക്കുന്നില്ലെങ്കില്‍ വര്‍ണപ്രപഞ്ചം അവര്‍ക്ക് തീര്‍ത്തും അന്യവും അപ്രാപ്യവുമായിരിക്കും. അതുപോലെ തന്നെയാണ് ദിവ്യസന്ദേശങ്ങളെ അംഗീകരിക്കാത്തവരുടെയും അവസ്ഥ. അഭൌതിക ജ്ഞാനം അവര്‍ക്ക് അന്യവും എന്നും അജ്ഞാതവുമായിരിക്കും.

മരണശേഷമുള്ള മറുലോകത്തെ കുറിച്ചും അവിടത്തെ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ചും മനുഷ്യരാശിക്ക് അറിവു നല്‍കിയത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ നാടുകളില്‍ നിയോഗിതരായ ദൈവദൂതന്മാരാണ്. അവര്‍ എല്ലാവരും അതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഭൌതിക പ്രപഞ്ചത്തിന്റെ ഘടനയും അതിലെ മനുഷ്യന്റെ അവസ്ഥയും അത്തരമൊരു ലോകത്തിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

നീതി നടക്കണമെന്നാഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ പോലും നീതിക്കുവേണ്ടി വാദിക്കുന്നു. തങ്ങള്‍ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ആശ്രിതര്‍ കൊലയാളിയെ ശിക്ഷിക്കണമെന്ന് കൊതിക്കുന്നു. നീതിപുലരാനുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹമാണല്ലോ ലോകത്ത് നിയമവും നീതിന്യായ വ്യവസ്ഥയും കോടതികളും നിയമപാലകരുമെല്ലാമുണ്ടാകാന്‍ കാരണം. നീതി നടക്കണമെന്ന് പറയാത്ത ആരുമുണ്ടാവില്ലെന്നര്‍ഥം. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ നീതി പുലരുന്ന നാടും സമൂഹവുമില്ല. ആരെത്ര വിചാരിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യവുമല്ല. ഒരാളെ കൊന്നാല്‍ പരമാവധി സാധിക്കുക കൊലയാളിയെ കൊല്ലാനാണ്. എന്നാല്‍ അതുകൊണ്ട് വധിക്കപ്പെട്ടവന്റെ, നിത്യവൈധവ്യത്തിന്റെ നിതാന്ത വേദന അനുഭവിക്കുന്ന വിധവയ്ക്ക് ഭര്‍ത്താവിനെയോ അനാഥത്വത്തിന്റെ പ്രയാസം പേറുന്ന മക്കള്‍ക്ക് പിതാവിനെയോ ലഭിക്കുകയില്ല. ഘാതകനെ വധിക്കുന്നതുപോലും കൊലയ്ക്കുള്ള യഥാര്‍ഥ പരിഹാരമോ പ്രതിവിധിയോ അല്ലെന്നര്‍ഥം. അത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമത്രെ.

ഇതുതന്നെ കൊലയാളി ശിക്ഷിക്കപ്പെട്ടാലാണ്. എന്നാല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ എന്താണ്? എന്നും എങ്ങും കൊലയാളികള്‍ സ്വൈരവിഹാരം നടത്തുന്നു. കൊള്ളക്കാര്‍ രംഗം കൈയടക്കുന്നു. ചൂഷകന്‍മാര്‍ മാന്യത ചമയുന്നു. അഴിമതിക്കാര്‍ സസുഖം വാഴുന്നു. അക്രമികള്‍ ആധിപത്യം നടത്തുന്നു. വഞ്ചകന്മാര്‍ വിഘ്നമൊട്ടുമില്ലാതെ നാട്ടിലെങ്ങും വിഹരിക്കുന്നു. നീതി നടത്തേണ്ട ന്യായാധിപന്മാര്‍ അനീതിക്ക് കൂട്ടുനില്‍ക്കുന്നു. പണത്തിനും പദവിക്കുമായി പരാക്രമികളുടെ പക്ഷം ചേരുന്നു. ഭരണാധികാരികള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു. പൊതുജനങ്ങളെവിടെയും പീഡിപ്പിക്കപ്പെടുന്നു. അടിക്കടി അനീതിക്കും അക്രമത്തിനും അടിപ്പെടുന്നു. നീതിക്കായുള്ള അവരുടെ അര്‍ഥനകളൊക്കെയും വ്യര്‍ഥമാവുന്നു. അതിനാല്‍ നീതി പലപ്പോഴും മരീചിക പോലെ അപ്രാപ്യമത്രെ. മഹാഭൂരിപക്ഷത്തിനും തീര്‍ത്തും അന്യവും.

നന്മ നടത്തുന്നവര്‍ ഇവിടെ കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കിരയാവുന്നു. ആരെയും അല്പവും അലോസരപ്പെടുത്താത്തവര്‍ അക്രമിക്കപ്പെടുന്നു. നിസ്വാര്‍ഥരായി നിലകൊള്ളുന്നവര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നു. എന്നാല്‍ വിദ്രോഹവൃത്തികളില്‍ വ്യാപൃതരാവുന്നവരോ, വിപത്തേതുമേല്‍ക്കാതെ സസുഖം വാഴുന്നു.

ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, പത്തും നൂറും ആയിരവും പതിനായിരവും പേരെ വധിച്ചവരെ ശിക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ നിഷ്കൃഷ്ടമായ നീതി നടത്താന്‍ ആര്‍ക്കുമിവിടെ സാധ്യമല്ല. കൊല്ലപ്പെടുന്ന നിരപരാധരും അവരുടെ ആശ്രിതരുമനുഭവിക്കുന്ന പ്രയാസങ്ങള്‍ അപാരമത്രെ. അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഏവരും അശക്തരും. അതുകൊണ്ടുതന്നെ മരണത്തോടെ മനുഷ്യജീവിതം ഒടുങ്ങുമെങ്കില്‍ ലോകഘടന തീര്‍ത്തും അനീതിപരമാണ്. അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമാണ്; വ്യവസ്ഥാപിതമായ പ്രപഞ്ചഘടനയോട് തീരെ പൊരുത്തപ്പെടാത്തതും. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖവും കൈവിരലും ഗന്ധവും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളുമെല്ലാം നല്കപ്പെട്ട് വ്യവസ്ഥാപിതമായും ആസൂത്രിതമായും യുക്തിനിഷ്ഠമായും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്ത്യം അപ്പാടെ അനീതിപരമാവുക അസംഭവ്യമത്രെ. അതിനാല്‍ യഥാര്‍ഥവും പൂര്‍ണവുമായ നീതി പുലരുക തന്നെ വേണം. ഭൂമിയിലത് അസംഭവ്യമായതിനാല്‍ പരലോകം അനിവാര്യമാണ്. എല്ലാവരും തങ്ങളുടെ കര്‍മഫലം അവിടെവെച്ച് അനുഭവിക്കും-നന്മ ചെയ്തവന്‍ രക്ഷയും തിന്മ ചെയ്തവന്‍ ശിക്ഷയും.

മരണശേഷം നീതി പുലരുന്ന മറുലോകമില്ലെങ്കില്‍ നീതിബോധമുള്ളവര്‍ നിത്യനിരാശരായിരിക്കും. സദാ അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. അതോടൊപ്പം എല്ലാ മനുഷ്യരും പ്രകൃത്യാ നീതി കൊതിക്കുന്നു. അതിനാല്‍ അത് പുലരുന്ന ഒരു പരലോകം നീതിയുടെ തേട്ടമത്രെ; മാനവ മനസ്സിന്റെ മോഹസാക്ഷാല്‍ക്കാരവും. വളരെ വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം നീതിരഹിതമായി മരണത്തോടെ ഒടുങ്ങുമെന്ന് ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തിനിഷ്ഠവും ബുദ്ധിപൂര്‍വകവുമാണ് നീതി പുലരുന്ന പരലോകത്തെ സംബന്ധിച്ച വിശ്വാസം.

മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെല്ലാം അവനില്‍ കൃത്യമായും കണിശമായും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ സമര്‍ഥനായ ഡോക്ടര്‍ക്ക് ശസ്ത്രക്രിയയിലൂടെ അവ കണ്ടെത്താനാവില്ല. അതിവിദഗ്ധമായ ഉപകരണങ്ങള്‍ക്കുപോലും അവ പകര്‍ത്തുക സാധ്യമല്ല. അതോടൊപ്പം അവയൊക്കെ മനുഷ്യന് ഓര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു. അപ്രകാരം തന്നെ നാം തൊടുന്നേടത്തെല്ലാം നമ്മുടെ വിരലടയാളങ്ങള്‍ പതിയുന്നു. സഞ്ചരിക്കുന്നേടത്തൊക്കെ നമ്മുടെ ശരീരത്തിന്റെ ഗന്ധം വ്യാപരിക്കുന്നു. പറയുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ വാക്കുകളും പ്രവൃത്തികളും ചലനങ്ങളും വിചാരവികാരങ്ങളുമെല്ലാം നമുക്കനുകൂലമോ പ്രതികൂലമോ ആയി സാക്ഷ്യം വഹിക്കാന്‍ സാധിക്കുമാറ് രേഖപ്പെടുത്തപ്പെടുന്നു. നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയും ഇറ്റിവീഴുന്ന രക്തവും സ്രവിക്കുന്ന ഇന്ദ്രിയത്തുള്ളിയുമൊക്കെ നമുക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യമായിത്തീരുന്നു.

സര്‍വോപരി, ഇല്ലായ്മയില്‍നിന്ന് പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെ അതിലുള്ള സര്‍വതിനെയും വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൃത്യമായും കണിശമായും സൃഷ്ടിച്ച ദൈവത്തിന് മനുഷ്യന്റെ പുനഃസൃഷ്ടി ഒട്ടും പ്രയാസകരമോ അസാധ്യമോ അല്ല. അതുകൊണ്ടു തന്നെ മരണശേഷം മറുലോകത്ത് മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും ഭൂമിയിലെ കര്‍മങ്ങളുടെ ഫലം അവിടെവച്ച് അനുഭവിക്കേണ്ടി വരുമെന്നും ദൈവം തന്റെ ദൂതന്‍മാരിലൂടെ അറിയിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്യും. അതൊട്ടും അവിശ്വസനീയമോ അയുക്തികമോ അല്ല. മറിച്ച്, അത്യദ്ഭുതകരമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം അനീതിക്കിരയായി, അര്‍ഥരഹിതമായി എന്നെന്നേക്കുമായി അവസാനിക്കുമെന്ന് പറയുന്നതാണ് അയുക്തികവും അവിശ്വസനീയവും!

ഒരു കാര്യവും കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു. നാം ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുന്നതാണ് യഥാര്‍ഥ വസ്തുതയെന്ന് ധരിക്കുന്നത് ശരിയല്ല. ഉപകരണമേതുമില്ലാതെ നിഴലിനെ നോക്കുമ്പോള്‍ അത് തീര്‍ത്തും നിശ്ചലമാണെന്നാണ് നമുക്കു തോന്നുക. എന്നാല്‍ നിഴലിന് സദാ നേരിയ ചലനമുണ്ടല്ലോ. മരീചിക വെള്ളമാണെന്ന് കരുതാറുണ്ട്. അടുത്തെത്തുമ്പോഴാണ് സത്യം ബോധ്യമാവുക. നിദ്രാ വേളയിലെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ് നമുക്ക് അപ്പോള്‍ തോന്നുക. ഉണരുന്നതോടെ മറിച്ച് അനുഭവപ്പെടുന്നു. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നമുക്ക് മനസ്സിലാക്കാനാവാത്ത പലതും ദിവ്യബോധനമാകുന്ന അറിവിന്റെ ആറാം സ്രോതസ്സ് തുറന്നുകിട്ടുന്ന ദൈവദൂതന്‍മാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. സ്വപ്നം കാണുന്നവന്‍ അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറമാണ് വസ്തുതയെന്ന്, ഉണര്‍ന്നിരിക്കുന്നവന്‍ അറിയുന്ന പോലെ ഇന്ദ്രിയ ബന്ധിതനായ മനുഷ്യന്‍ കാണുന്നതിനപ്പുറമാണ് സത്യമെന്ന് ദൈവദൂതന്‍മാരറിയുന്നു. അവരത് സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. അഭൌതികജ്ഞാനത്തിന്റെ പിഴക്കാത്ത ഏകാവലംബം അതു മാത്രമത്രെ.

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ?


ചോദ്യോത്തരം : അനുഷ്ഠാനകര്‍മങ്ങള്‍


നമസ്‌കാരവും കഅ്ബയും


ചില പ്രമുഖ ചരിത്രകാരന്മാര്‍ പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട പന്ത്രണ്ടു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും പതിനഞ്ചുമീറ്റര്‍ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിര്‍മാണചാതുരിയോ ശില്‍പഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.
മുസ്‌ലിംകള്‍ എന്തിനാണ് നമസ്‌കരിക്കുമ്പോള്‍ കഅ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നത്. അത് ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ആണോ?.
*************************************************************
ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.


കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.(ഖുര്‍ആന്‍ 2: 115)


ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും. (58:7)


മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനത്രെ നാം.(50: 16)
ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കില്‍ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാല്‍ നമസ്കാരത്തില്‍ വിശ്വമെങ്ങുമുള്ള വിശ്വാസികള്‍ക്ക് തിരിഞ്ഞുനില്‍ക്കാന്‍ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.


നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശക കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. (ഖുര്‍ആന്‍ 3:96)


ഈ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക(2:125). വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു (5: 97).


അതിനാല്‍ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. അതിനാല്‍ നിങ്ങള്‍ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിന്‍ (106:3).


എന്നാല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയോളം മനുഷ്യര്‍ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനില്‍ക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാര്‍ഥനയുടെ ദിശയുമാണത്.

2011, ഏപ്രിൽ 9, ശനിയാഴ്‌ച

സ്വഭാവചര്യകള്‍ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വഭാവം പരമപ്രധാനമാണ്. ഒരര്‍ഥത്തില്‍ ആരാധനാനുഷ്ഠാനങ്ങളക്കടക്കം ലക്ഷ്യം വെക്കുന്നത് ഉത്തമസ്വഭാവത്തിന്റെ രൂപീകരണമാണ് എന്ന് സൂക്ഷമമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. സ്വാഭാവം മോശമായാല്‍ ആരാധനകള്‍ പോലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് ജീവിത റികോര്‍ഡില്‍ മുന്തിയ പരിഗണനനല്‍കപ്പെടുക സല്‍സ്വഭാവത്തിനാണ്. വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങളും  പ്രവാചകന്റെ പെരുമാറ്റങ്ങളുമാണ് അവയുടെ അടിസ്ഥാനം. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ടെന്ന ഖുര്‍ആന്‍ സൂക്തവും. പ്രവാചകാ താങ്കള്‍ മഹത്തായ സ്വഭാവമാര്‍ജിച്ചിരിക്കുന്നു എന്ന ഖുര്‍ആന്റെ പ്രഖ്യാപനവും, അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്ന പ്രിയ പത്‌നി ആയിശ(റ)ന്റെ സാക്ഷ്യവും ഈ വസ്തുത വ്യക്തമാക്കുന്നു. നല്ല സ്വഭാവരൂപീകരണത്തിന് സല്‍സ്വഭാവങ്ങളെയും ദുഃസ്വഭാവങ്ങളെയും വേര്‍ത്തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാം അവയെ വ്യക്തമാക്കി തരികയും സല്‍സ്വഭാവം സ്വീകരിക്കാനും ദുഃസ്വഭാവം വെടിയാന്‍ മനുഷ്യനോടവശ്യപ്പെടുകയും ചെയതിട്ടുണ്ട്.


ഖുര്‍ആന്‍ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ്നബിയിലൂടെയാണ് അവതീര്‍ണമായത്. ആത്മീയതയോട് അതി തീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. നാല്‍പതാമത്തെ വയസ്സില്‍ മക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കുക പതിവായിരുന്നു.

അങ്ങനെ ഒരു നാള്‍ ഗുഹയിലായിരിക്കെ മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ച് കല്‍പിച്ചു: വായിക്കുക! ഇതു കേട്ട നബിതിരുമേനി മൊഴിഞ്ഞു: എനിക്കു വായിക്കാനറിയില്ല. മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്നബി ചോദിച്ചു: എന്താണ് ഞാന്‍ വായിക്കേണ്ടത്? അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞുകൊടുത്തു: സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക. നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍ (96:1-5). ആദ്യം അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്.

പ്രവാചകനും അനുചരന്‍മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രപഞ്ചനാഥന്‍ നിര്‍ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നത്.

ഖുര്‍ആ
ന്‍  എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അതു വായിക്കുന്നു. പത്തും ഇരുപതും തവണയല്ല; നൂറും ഇരുനൂറും തവണ. ആയിരത്തിനാനൂറ് വര്‍ഷമായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഇന്നോളം ഇതിനു മുടക്കം വന്നിട്ടില്ല. ഇനി വരികയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പുണ്ടാവില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേക ലക്ഷമാണ്. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനഃപാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല. ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. എല്ലാവരും അതില്‍ സമാവകാശികളുമാണ്. ആര്‍ക്കും അതിലൊരു പ്രത്യേകാവകാശവുമില്ല.

പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിന്റെ സംബോധിതനാവുകയെന്ന മഹാഭാഗ്യം സിദ്ധിക്കുന്നു. മുഴുലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ സന്ദേശത്തിന് അര്‍ഹനാവുന്നതിനെക്കാള്‍ മഹത്തായ അനുഗ്രഹം മറ്റെന്തുണ്ട്?

ഖുര്‍ആന്റെ ആശയമെന്നതുപോലെ ഭാഷയും ദൈവികമാണ്. അത് മനുഷ്യന് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു. അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവര്‍ത്തിപ്പിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സമീപനം, സങ്കല്‍പം- സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ളവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയില്‍പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പില്‍ അഭൌതിക ജ്ഞാനത്തിന്റെ അറകള്‍ തുറന്നുവെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിര്‍വഹണം- മുഴുമേഖലകളെയും ഖുര്‍ആന്‍ പുനഃസംവിധാനിക്കുന്നു.

ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍,രാഷ്ട്രീയനിയമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല. എല്ലാം അത് കൈകാര്യം ചെയ്യുന്നു, ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാര്‍ഗദര്‍ശനമാണത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവ വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ-നരകങ്ങളെ പരിചയപ്പെടുത്തുന്നു.

വായിക്കാനാവശ്യപ്പെട്ട് അവതീര്‍ണമായ ഗ്രന്ഥമാണത്. അതിന്റെ അകം അറിവിന്റെ അതിരുകളില്ലാത്ത ലോകമാണ്. ഏത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. ഇരുള്‍മുറ്റിയ ജീവിതമേഖലകളിലെല്ലാം പ്രകാശം പരത്തുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു.

മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാകണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു.അതില്‍ ഇടംകിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു. നാം ജീവിക്കുന്ന ഭൌതിക പ്രപഞ്ചത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് അഭൌതിക കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ പരിമിതികളുണ്ട്. അതിനാല്‍ ഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യനോട് സംസാരിച്ചപ്പോള്‍ സ്വീകരിച്ച ഭാഷയും ശൈലിയും സമൂഹത്തിന് മനസ്സിലാവുംവിധമുള്ളതാണ്. അല്ലാഹു, സ്വര്‍ഗം, അവിടത്തെ അരുവികള്‍, പഴങ്ങള്‍, നരകം, അതിലെ ശിക്ഷകള്‍, മലക്കുകള്‍, പിശാചുക്കള്‍ പോലുള്ളവയെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാല്‍ അഭൌതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം മനുഷ്യന് മനസ്സിലാകുന്ന ശൈലിയില്‍ സമര്‍പ്പിക്കപ്പെട്ടവയാണെന്നും ആത്യന്തികമായ യാഥാര്‍ഥ്യങ്ങള്‍ ഭൂമിയില്‍ വെച്ച് മനുഷ്യന് ഉള്‍കൊള്ളാന്‍ കഴിയുന്നതിന് അതീതമാണെന്നും അംഗീകരിച്ചുകൊണ്ടായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. മറിച്ചായാല്‍ അല്ലാഹുവിന്റെ കൈ, സിംഹാസനം, കേള്‍വി, കാഴ്ച, സ്വര്‍ഗത്തിലെ നദികള്‍, പഴങ്ങള്‍ പോലുള്ള അനേകം ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചേക്കും.

പൂര്‍വിക സമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ ഗതകാലാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മര്‍മങ്ങളില്‍ ശ്രദ്ധപതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്.

കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്നേഹമയരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി.സാമൂഹിക ഉച്ചനീചത്വവും സാംസ്കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്കാരിക-നാഗരികതകള്‍ക്ക് ജന്മമേകി.

സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു. അതോടൊപ്പം നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നു. പരാജിതരായ റോമക്കാര്‍ പത്തുകൊല്ലത്തിനകം ജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു. നന്നെ നിസ്സഹായാവസ്ഥയിലായിരുന്ന പ്രവാചകനും അനുചരന്മാരും വിജയം വരിക്കുമെന്നും പ്രഗല്‍ഭരും പ്രബലരുമായ പ്രതിയോഗികള്‍ പരാജിതരാവുമെന്നും പ്രവചിക്കുന്നു. ദൈവദൂതനെ വധിക്കാന്‍ ശത്രുക്കള്‍ സകലശ്രമവും നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍! ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍ ഖുര്‍ആന്റെ അവകാശവാദങ്ങളൊക്കെ തകര്‍ന്നടിയുമായിരുന്നു. ദൈവികത തീര്‍ത്തും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഖുര്‍ആന്റെ പ്രവചനങ്ങളെല്ലാം പരമാര്‍ഥമായി പുലര്‍ന്നു. ഒന്നുപോലും പിഴച്ചില്ല.

ദൈവികമെന്ന് ഉദ്ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്‍പങ്ങളോ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചിക സത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു. വരുംനൂറ്റാണ്ടുകള്‍ അവക്ക് കൂടുതല്‍ വ്യക്തത നല്‍കും. ഖുര്‍ആന്‍ പറഞ്ഞതൊന്നുപോലും പിഴച്ചിട്ടില്ല. ചരിത്രകഥനത്തിലും ഇതുതന്നെ സംഭവിച്ചു. അന്നത്തെ ജനത്തിനറിയാത്ത പലതും ഖുര്‍ആന്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന പല ധാരണകളെയും തിരുത്തി. അതൊക്കെയും അര്‍ഥപൂര്‍ണമായിരുന്നുവെന്ന് പില്‍ക്കാല പഠനങ്ങള്‍ തെളിയിച്ചു.

ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍, ടോള്‍സ്റോയി, ഷെല്ലി, എല്ലാവരുടെയും കൃതികള്‍ ഉത്കൃഷ്ടം തന്നെ. എന്നാല്‍, അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിന്റെ ഭാഷ-അരാമിക്- ഇന്ന് എവിടെയും നിലവിലില്ല. ബൈബിള്‍ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദഭാഷയായ സംസ്കൃതവും ഇന്ന് ജീവല്‍ഭാഷയല്ല. എന്നാല്‍, ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുര്‍ആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുര്‍ആനിന്റേതുതന്നെ. അതുകൊണ്ടുതന്നെ, ദൈവികമെന്ന അവകാശവാദത്തോടെ സമാനമായ ഒരു ഭാഗമെങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇന്നും കരുത്തോടെ നിലനില്‍ക്കുന്നു.

അത് സമൂഹ സമക്ഷം സമര്‍പ്പിച്ച സമഗ്രമായ ജീവിത വ്യവസ്ഥ നിത്യനൂത നവും അജയ്യവുമായി നിലകൊള്ളുന്നു. സമകാലീന ലോകം ഉയര്‍ത്തുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും ദൈവിക പരിഹാരം നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ മനുഷ്യരാശിയെ അതിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനും ഓര്‍ക്കാനുമായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ? (ഖുര്‍ആന്‍ 54:17).

അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്‍ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനില്‍, വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണ്ടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷേ, വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെനിന്ന് വന്നുവെന്നും എങ്ങോട്ടുപോവുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവുപറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. ഈ ഖുര്‍ആന്‍ ഏറ്റം ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച. (17:9) ഖുര്‍ആന്‍ സത്യാസത്യസരണികള്‍ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങള്‍ നിര്‍ണയിക്കുന്നു. വിധിവിലക്കുകള്‍ പഠിപ്പിക്കുന്നു. സാന്മാര്‍ഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നു. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ ചൂണ്ടിക്കാണി ക്കുന്നു. പൂര്‍വസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളുടെ ചരിത്രവും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും അഭ്യസിപ്പിക്കുന്നു.

അതിനാല്‍ മനുഷ്യന്റെ വിജയവും പരാജയവും സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. അത് സകല മനുഷ്യര്‍ക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വൈരത്തോടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന സുഗമമായ മാര്‍ഗം നിര്‍ണയിക്കുന്നു. മരണാനന്തരം മറുലോകത്തുണ്ടാവാനിരിക്കുന്ന ജീവിതത്തില്‍ വിജയം ഉറപ്പുവരുത്തുന്ന ഏക വഴി! ഖുര്‍ആന്‍ അഗാധമായ ഒരാഴി പോലെയാണ്. എത്രയേറെ ആഴത്തിലേക്ക് ഊളിയിട്ടുചെല്ലുന്നുവോ അത്രയേറെ അമൂല്യമായ മുത്തുകളും ചിപ്പികളും ലഭിക്കും. പുറമെ നോക്കിനില്‍ക്കുന്നവര്‍ക്കും ഉപരിതലത്തില്‍ മാത്രം നീന്തിത്തുടിക്കുന്നവര്‍ക്കും കാര്യമായൊന്നും കിട്ടുകയില്ല. അപ്രകാരം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്കാണ് മഹത്തായ നേട്ടം കിട്ടുക. അതിലെ വാക്യങ്ങളെ സംബന്ധിച്ച പഠനത്തിന്റെയും ചിന്തയുടെയും തോതനുസരിച്ചാണ് ഫലം ലഭിക്കുക. ഓരോ ആവൃത്തി പഠന പാരായണം നടത്തുമ്പോഴും പുതിയ പുതിയ ആശയങ്ങളും തത്ത്വങ്ങളും അറിവുകളും ലഭ്യമാകുന്നു.

ഖുര്‍ആനിലെ വാക്യങ്ങളൊരിക്കലും വ്യാഖ്യാനങ്ങളിലൊതുങ്ങുകയില്ല. അനര്‍ഘമായ ആശയങ്ങളും അറിവുകളും അതില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ പഠനവും പരിചിന്തനവും നടത്തുന്ന ആര്‍ക്കും മുന്‍ഗാമികള്‍ കണ്ടെത്തിയിട്ടില്ലാത്ത പല ആശയങ്ങളും ലഭിക്കും. ഖുര്‍ആന്‍ അറിവിന്റെ അക്ഷയനിധിയാണെന്ന് പറയാനുള്ള കാരണവും അതുതന്നെ. പറയുക: കടല്‍വെള്ളം എന്റെ നാഥന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങളവസാനിക്കും മുമ്പെ സമുദ്രജലം തീര്‍ന്നുപോകുമായിരുന്നു. തുല്യമായ മറ്റൊരു സമുദ്രജലവും കൂടി സഹായത്തിനായി നാം കൊണ്ടുവന്നാലും ശരി. (ഖുര്‍ആന്‍ 18:109)

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അല്ലാഹു

 

 ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഏറ്റവും യുക്തിഭദ്രമായ ഒരു ദൈവവീക്ഷണമാണ്. മനുഷ്യന്റെ ബുദ്ധിക്ക് തീര്‍ത്തും ഇണങ്ങുന്നതാണ് അത്. സങ്കീര്‍ണതകളോ മനസ്സിലാക്കാന്‍ പ്രയാസമോ അതില്‍ അനുഭവപ്പെടുകയില്ല.അല്ലാഹു എന്ന വാക്കാണ് ഖുര്‍ആന്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെക്കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം. പൂര്‍വികരായ പ്രവാചകന്‍മാര്‍ പരിചയപ്പെടുത്തിയ അതേ ദൈവം. അത് അറബികളുടെ ഗോത്രദൈവമല്ല. മനുഷ്യചാപല്യങ്ങള്‍ അതില്‍ ആരോപിക്കാന്‍ സാധ്യമല്ല. അതേ സമയം മനുഷ്യനെ സൃഷ്ടിക്കുകയും അവനെ ശരിപ്പെടുത്തുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്. ആരാധനകളിലൂടെയോ അനുഷ്ഠാനങ്ങളിലൂടെയോ വല്ല മെച്ചവും അവന്‍ ആഗ്രഹിക്കുന്നില്ല. മനുഷ്യന് ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത് അവരുടെതന്നെ പ്രയോജനത്തിനാണ്. ആ കല്‍പനകള്‍ പാലിക്കുന്നവര്‍ക്ക് പ്രതിഫലവും അവ ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കുന്നത് ദൈവികനീതിയുടെയും യുക്തിയുടെയും ലക്ഷണമാണ്. മുഴുവന്‍ മനുഷ്യരുടെയും ലോകത്തിന്റെയും സ്രഷ്ടാവായ ദൈവത്തെയാണ് ഇസ്‌ലാം അല്ലാഹു എന്ന് പരിചയപ്പെടുത്തുന്നത്.

ആരാണ് അല്ലാഹു


  സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ്  അല്ലാഹു . ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് അല്ലാഹു വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്‍, കരീം (നാഥന്‍, കാരുണികന്‍, ഉന്നതന്‍). 

അനറബി ഭാഷകളില്‍ അല്ലാഹുവിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ അല്ലാഹു എന്നുതന്നെ വിളിച്ചുവരുന്നു.അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ യഹോവ എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് അല്ലാഹു

ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍അല്ലാഹു. അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു"(2: 255). 


 

2011, ഏപ്രിൽ 2, ശനിയാഴ്‌ച

വിശ്വാസം (ഈമാന്‍)
ഇസ്‌ലാം എന്ന മഹത്തായ ദര്‍ശനത്തിന്റെ ആധാരശിലയുടെ സ്ഥാനമാണ് വിശ്വാസത്തിനുള്ളത്. ഒരാള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന സദ്കര്‍മങ്ങളൊക്കെ ചെയ്താലും അയാള്‍ക്ക് അടിസ്ഥാനപരമായ വിശ്വാസമില്ലെങ്കില്‍ അയാളുടെ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല. വിശ്വാസത്തിന്റെ അഭാവത്തില്‍ ഒരിക്കലുമൊരാള്‍ക്ക് ദൈവികനിയമ വ്യവസ്ഥയെ കൃത്യമായോ പൂര്‍ണമായോ അനുസരിക്കാനാവില്ല എന്നതാണ് ഇസ്‌ലാമില്‍ വിശ്വാസത്തിന് ഇത്രമേല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം. ഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത ഒരാളില്‍ നിന്നും ഒരു നന്മയും സംഭവിക്കില്ല എന്നതല്ല. ചിലര്‍ മാനവികധര്‍മബോധത്താല്‍ സത്യസന്ധത മുറുകെപ്പിടിച്ചെന്ന് വരാം. ചിലര്‍ സോഷ്യലിസ്റ്റ് തത്വബോധംകൊണ്ട് മനുഷ്യമോചന യത്‌നങ്ങളില്‍ മുഴുകിയെന്ന് വരാം എങ്കില്‍ പോലും മനുഷ്യവംശത്തെ ആദ്യന്തം നന്‍മക്ക് പ്രചോദിപ്പിക്കാന്‍ അവയ്ക്കാവില്ല. യഥാര്‍ഥ വിശ്വാസം നന്‍മയുടെ ഏറ്റവും വലിയ പ്രേരകമാണ്. 


വിശ്വാസ(ഈമാന്‍ )കാര്യങ്ങള്‍


വിശ്വാസ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി ഇതുവരെ പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.
1. ഇസ്‌ലാമിന്റെ അര്‍ഥം ദൈവത്തിനുള്ള അനുസരണം, കീഴ്‌വണക്കം എന്നൊക്കെയാണ്. ദൈവത്തിന്റെ സത്ത, ഗുണങ്ങള്‍, ദൈവമാര്‍ഗം, പരലോകം എന്നിവയെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാതെ ഇസ്‌ലാംഉള്‍ക്കൊള്ളാനാവില്ല. ഈ ജ്ഞാനം ദൈവത്തിന്റെ പ്രവാചകന്മാര്‍ മുഖേന മാത്രമേ ലഭിക്കൂ. അപ്പോള്‍, ഇസ്‌ലാമിന്റെ ശരിയായ നിര്‍വചനം:പ്രവാചകാധ്യാപനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പ്രവാചക മാതൃക പിന്‍പറ്റിക്കൊണ്ടും ദൈവദാസനായി ജീവിക്കുക എന്നായിത്തീരുന്നു. പ്രവാചകന്റെ സഹായമില്ലാതെ നേരിട്ട് ദൈവത്തെ അനുസരിക്കുന്നു എന്ന് വാദിക്കുന്നവന്‍ ഒരിക്കലും മുസ്‌ലിമല്ല.

2. മുന്‍കാലങ്ങളില്‍ ഓരോ സമുദായത്തിലും വെവ്വേറെ പ്രവാചകന്മാര്‍ വന്നുകൊണ്ടിരുന്നു-ഒരേ സമുദായത്തില്‍ത്തന്നെ ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന നിലയില്‍. അക്കാലത്ത്, ഓരോ സമുദായത്തെ സംബന്ധിച്ചും ഇസ്‌ലാം എന്നത് അതത് സമുദായത്തിലെ പ്രവാചകന്മാര്‍ അവരില്‍ പ്രബോധനം ചെയ്ത മതത്തിന്റെ പേരായിരുന്നു. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ എല്ലാ കാലത്തും എല്ലാ രാജ്യത്തും ഒന്നുതന്നെ  ആയിരുന്നുവെങ്കിലും  നിയമവ്യവസ്ഥകളും ആരാധനാമാര്‍ഗങ്ങളും വിഭിന്നങ്ങളായിരുന്നു. അതിനാല്‍, ഒരു സമുദായത്തിന് ആ സമുദായത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാരില്‍ മാത്രമേ വിശ്വസിക്കേണ്ടിയിരുന്നുള്ളൂ. ഇതര സമുദായങ്ങളിലെ പ്രവാചകന്മാരെ അനുഗമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

3. മുഹമ്മദ്‌നബി, എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കുമുള്ള പ്രവാചകനായി നിയോഗിക്കപ്പെടുകയും അദ്ദേഹം മുഖേന ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ ശരീഅത്ത് നല്‍കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ നിയമവ്യവസ്ഥ നല്‍കപ്പെടുകയും ചെയ്തു. മുഹമ്മദ്‌നബിയുടെ ദൗത്യം ഒരു പ്രത്യേക സമുദായത്തിനോ ഒരു പ്രത്യേക രാജ്യത്തിനോ ഉള്ളതല്ല. ഒരു പ്രത്യേക കാലത്തേക്ക് മാത്രവുമല്ല. മറിച്ച്, മുഴുവന്‍ മനുഷ്യവംശത്തിനുമുള്ളതാണ്; എല്ലാ കാലത്തേക്കുമുള്ളതാണ്. മുന്‍ പ്രവാചകന്മാര്‍ കൊണ്ടുവന്ന ശരീഅത്തുകളെല്ലാം തിരുമേനിയുടെ ആഗമനത്തോടെ ദുര്‍ബലപ്പെട്ടു. ഇനി ലോകാവസാനം വരെ മറ്റൊരു പ്രവാചകന്‍ വരില്ല. ദൈവത്തിങ്കല്‍നിന്ന് മറ്റൊരു ജീവിത പദ്ധതി അവതരിക്കയുമില്ല. അതിനാല്‍, ഇപ്പോള്‍ ഇസ്‌ലാം എന്നത് മുഹമ്മദ്‌നബിയെ അനുഗമിക്കുന്നതിന്റെ മാത്രം പേരാണ്. മുഹമ്മദ്‌നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങളിലെല്ലാം വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ ആജ്ഞകള്‍ ദൈവത്തിന്റെതാണെന്ന് സമ്മതിച്ച് അവയെ സര്‍വാത്മനാ അനുസരിക്കുകയും ചെയ്യുന്നതിനാണ് ഇന്ന് ഇസ്‌ലാം എന്ന് പറയുന്നത്. മുസ്‌ലിമാകുവാന്‍ നിര്‍ബന്ധപൂര്‍വം വിശ്വസിക്കേണ്ടതോ, വിശ്വസിക്കാതിരുന്നാല്‍ കാഫിറായിപ്പോകുമെന്ന് ഭയക്കേണ്ടതോ ആയ ഒരു പ്രവാചകനും ഇനി വരാനില്ല.

ഇത്രയും കാര്യങ്ങളാണ് മുമ്പ് പ്രതിപാദിച്ചത്. ഇനി, മുഹമ്മദ്‌നബി വിശ്വസിക്കാനാവശ്യപ്പെട്ട കാര്യങ്ങളെന്തെന്നും അവ എത്രമാത്രം യുക്തിഭദ്രമാണെന്നും അന്വേഷിക്കാം.


  1. ദൈവത്തിലുള്ള വിശ്വാസം.
  2. ദൈവത്തിന്റെ മലക്കുകളിലുള്ള വിശ്വാസം.
  3. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
  4. പ്രവാചകന്‍മാരിലുള്ള വിശ്വാസം.
  5. പരലോകത്തിലുള്ള വിശ്വാസം.
  6. വിധിയിലുള്ള വിശ്വാസം.
എന്നീ ആറ് വിശ്വാസങ്ങളെയാണ് ഈമാന്‍കാര്യങ്ങള്‍ എന്ന് വിവക്ഷിക്കാറുള്ളത്.ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണംഏതൊരു ദര്‍ശനത്തിനും അതിന്റെതായ ഒരു പ്രപഞ്ചവീക്ഷണ മുണ്ടായിരിക്കും. ആ വീക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അതിന്റെ വൈയക്തിക സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ രൂപം കൊള്ളുന്നത്. അതിനാല്‍ ഒരു ദര്‍ശനത്തെ സമഗ്രമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ ഒന്നാമതായി അതിന്റെ പ്രപഞ്ചവീക്ഷണം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ട്. 

ഈ പ്രപഞ്ചവും അതിലെ സമസ്ത വസ്തുകളുടെയും സ്രഷ്ടാവ് അത്യുന്നതനായ അല്ലാഹുവാകുന്നു. ഈ സൃഷ്ടികളുടെയെല്ലാം ഉടമസ്ഥനും അധികാരിയും കൈകാര്യകര്‍ത്താവും അല്ലാഹു മാത്രമാകുന്നു. അതിനാല്‍ പ്രപഞ്ചത്തിന്റെ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവില്‍ മാത്രം കേന്ദ്രീകൃതമാണ്. അവന്റെ അധികാരാവകാശങ്ങളില്‍ ആര്‍ക്കും പങ്കില്ല. അവന്‍ സര്‍വജ്ഞനും വൈകല്യങ്ങളില്‍ നിന്നും കുറവുകളില്‍നിന്നും മുക്തനുമാണ്. നിഖിലവും നിരീക്ഷിക്കുന്നവനും സകലതിനും സംരക്ഷണം നല്‍കുന്നതും ഏകനായ അല്ലാഹുവാണ്. ഇതേ പ്രാപഞ്ചികവിധികര്‍ത്താവായ അല്ലാഹുവാണ് മനുഷ്യന്റെ സാന്‍മാര്‍ഗികമായ വിധികര്‍ത്താവും. മനുഷ്യനെ അല്ലാഹു തന്റെ പ്രതിനിധിയാക്കിയിരിക്കുന്നു. മനുഷ്യനെ ആദരിക്കുകയും ഭൂമിയിലെ സകലതും അവന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഭൗതിക വിഭവങ്ങളും സൗകര്യങ്ങളും ഒരുക്കിയത് പോലെ അവന് വേണ്ട നിയമനിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുന്നു. അതിനായി പ്രാവാചകത്വം എന്ന സംവിധാനമേര്‍പ്പെടുത്തി. പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്ക് പരലോകത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മനുഷ്യന്‍ തന്റെ കര്‍മങ്ങള്‍ക്കുത്തരവാദിയാണ് മരണശേഷം മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അവന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗമെന്ന പ്രതിഫലമോ നരകമെന്ന ശിക്ഷയോ ലഭിക്കുകയും ചെയ്യും. 

ഇതാണ് ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണം. ഇത് ശരിയായ രൂപത്തില്‍ ബോധ്യപ്പെടാതിരിക്കുന്ന പക്ഷം ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലും ആചരിക്കുന്നതിലും പാകപ്പിഴവുകള്‍ സംഭവിക്കും.

 

ഇസ്‌ലാം ഒരു ജീവിതവ്യവസ്ഥ
ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം - എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. 

ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല. ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ് വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നിര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. 

സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. 

ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍. ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്!.

സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. 

കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. 

ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.


ഇസ്‌ലാം പ്രകൃതിയുടെ മതം
പ്രപഞ്ചത്തിലുള്ള മുഴുവന്‍ ചരാചരങ്ങളും ദൈവം നിശ്ചയിച്ച പ്രകൃതിനിയമത്തിന് വിധേയമായിട്ടാണ് ചരിച്ചുകൊണ്ടിരിക്കുന്നത് ആ നിയമങ്ങള്‍കെതിരെ അണുവളവും ചലിക്കുവാനവക്ക് സാധ്യമല്ല. ഇസ്‌ലാം എന്നാല്‍ ജഗന്നിയന്താവിനുള്ള വിധേയത്വവും സമര്‍പണവുമാണല്ലോ. അതിനാല്‍ പ്രപഞ്ചത്തിന്റെ വ്യവസ്ഥ ഇസ്‌ലാം ആണെന്ന് പറയാം. മനുഷ്യന്‍ പോലും പ്രകൃത്യാ മുസ്‌ലിമാണ്. ജനനം വളര്‍ച്ച അവന്റെ ബാഹ്യവും ആന്തരികവുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയും ദൈവം നിശ്ചയിച്ച പ്രകൃതി നിയമമനുസരിച്ചാണ്. എങ്കിലും ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അവന് വിശേഷബുദ്ധിയും ചിന്താശക്തിയും അഭിപ്രായപ്രകടനശേഷിയുമുണ്ട്. മറ്റുജീവികളെപ്പോലെ ദൈവിക നിയമങ്ങള്‍ക്ക് പൂര്‍ണമായി അവന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടില്ല. ആവശ്യമുള്ളത് സ്വീകരിക്കാനും ഇഷ്ടമില്ലാത്തത് തിരസ്‌കരിക്കാനും അവന് കഴിയും. ആശയം, അഭിപ്രായം, കര്‍മം എന്നിവയില്‍ അവന് തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ട്. ഈ മേഖലയില്‍കൂടി അവന്‍ ദൈവിക നിയമങ്ങള്‍ക്ക് ഇഛാപൂര്‍വം കീഴൊതുങ്ങുമ്പോഴാണ് ഒരാള്‍ പൂര്‍ണമുസ്‌ലിമാകുന്നത്. 

തനിക്കധികാരമുള്ളതിലും ഇല്ലാത്തതിലും ദൈവികനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുക എന്നതാണ് ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്. ദൈവഹിതത്തിന് നിര്‍ബന്ധിതമായി കീഴൊതുങ്ങുന്നതിനാല്‍ പ്രകൃതിവ്യവസ്ഥ സമാധാനപൂര്‍വം ചരിച്ചുകൊണ്ടിരിക്കുന്നു. അതേ പ്രകൃതിയുടെ താളത്തിനൊത്ത് മനുഷ്യന്‍ ഇച്ഛാപൂര്‍വം ദൈവിക വ്യവസ്ഥക്ക് വിധേയമാകുന്നതിലൂടെയാണ് അവന്‍ ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന സ്ഥാനത്തിന് അര്‍ഹനാകുന്നത്. അതിലൂടെ മനുഷ്യന്‍ ആന്തരികമായ സമാധാനം നേടുന്നു. അപ്പോള്‍ മുഴുലോകവും അവന്റെതും അവന്‍ ദൈവത്തിന്റേതുമാകുന്നു. 

എന്താണ് ഇസ്ലാം ?

 ഇസ്‌ലാം എന്നത് ഒരു അറബി ശബ്ദമാണ്. അനുസരണം, കീഴ്‌വണക്കം, സമ്പൂര്‍ണസമര്‍പ്പണം എന്നെല്ലാം അതിനര്‍ഥമുണ്ട്. അഥവാ ഇസ്‌ലാമെന്നാല്‍ ദൈവത്തെ അനുസരിക്കലും അവന് കീഴ്‌വണങ്ങലും അവനില്‍ സര്‍വസ്വം അര്‍പിക്കലുമാണ്. ഇസ്‌ലാംഎന്ന പദത്തിന്റെ മറ്റൊരര്‍ഥം സമാധാനം എന്നാണ്. ദൈവത്തിന് സ്വയം സമര്‍പ്പിക്കുക വഴി ഒരാള്‍ക്ക് ശാരീരികവും മാനസികവുമായ സമാധാനം ലഭ്യമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഈ സമാധാനം സമൂഹത്തിലുടനീളം സമാധാനത്തിന് ഹേതുവാകുന്നു. 


മിക്ക മതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ (ക്രിസ്തുമതം, ബുദ്ധമതം) അല്ലെങ്കില്‍ അതുല്‍ഭവിച്ച സമുദായത്തിന്റെയോ ഗ്രോത്രത്തിന്റെയോ (യഹൂദമതം) അതുമല്ലെങ്കില്‍ ദേശത്തിന്റെയോ (ഹിന്ദുമതം) പേരിലാണറിയപ്പെടുന്നത്. ഇസ്‌ലാം ഈ പൊതു തത്വത്തിന് അപവാദമാണ്. ആ നാമം ഉള്‍കൊള്ളുന്നത് മേല്‍സൂചിപ്പിച്ച സവിശേഷമായ ഗുണത്തെയാണ്. വ്യക്തി, നാമം, ജനത എന്നിവയോട് അതിന് പ്രത്യേക ബന്ധമൊന്നുമില്ല. അതാരുടെയും കുത്തകയുമല്ല. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമവ്യവസ്ഥ സ്വമേധയാ അംഗീകരിച്ച് അവന് കീഴ്‌വണങ്ങി ദൈവകല്‍പന അനുസരിച്ച് ജീവിക്കുന്നവനാണ് മുസ്‌ലിം. ഗതകാല ജനസമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ പ്രസ്തുത ഗുണം ഉണ്ടായിരുന്നോ അവരെല്ലാം മുസ്‌ലിങ്ങളായിരുന്നു. ഇന്നും അവരാണ് മുസ്‌ലിംകള്‍ എന്നും അവര്‍തന്നെയായിരിക്കും മുസ്‌ലിംകള്‍.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates