ഇസ്‌ലാം എന്ന മഹത്തായ ദര്‍ശനത്തിന്റെ ആധാരശിലയുടെ സ്ഥാനമാണ് വിശ്വാസത്തിനുള്ളത്. ഒരാള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന സദ്കര്‍മങ്ങളൊക്കെ ചെയ്താലും അയാള്‍ക്ക് അടിസ്ഥാനപരമായ വിശ്വാസമില്ലെങ്കില്‍ അയാളുടെ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല. വിശ്വാസത്തിന്റെ അഭാവത്തില്‍ ഒരിക്കലുമൊരാള്‍ക്ക് ദൈവികനിയമ വ്യവസ്ഥയെ കൃത്യമായോ പൂര്‍ണമായോ അനുസരിക്കാനാവില്ല എന്നതാണ് ഇസ്‌ലാമില്‍ വിശ്വാസത്തിന് ഇത്രമേല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം. ഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത ഒരാളില്‍ നിന്നും ഒരു നന്മയും സംഭവിക്കില്ല എന്നതല്ല. ചിലര്‍ മാനവികധര്‍മബോധത്താല്‍ സത്യസന്ധത മുറുകെപ്പിടിച്ചെന്ന് വരാം. ചിലര്‍ സോഷ്യലിസ്റ്റ് തത്വബോധംകൊണ്ട് മനുഷ്യമോചന യത്‌നങ്ങളില്‍ മുഴുകിയെന്ന് വരാം എങ്കില്‍ പോലും മനുഷ്യവംശത്തെ ആദ്യന്തം നന്‍മക്ക് പ്രചോദിപ്പിക്കാന്‍ അവയ്ക്കാവില്ല. യഥാര്‍ഥ വിശ്വാസം നന്‍മയുടെ ഏറ്റവും വലിയ പ്രേരകമാണ്.
വിശ്വാസ(ഈമാന്‍ )കാര്യങ്ങള്‍
വിശ്വാസ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി ഇതുവരെ പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.
1. ഇസ്‌ലാമിന്റെ അര്‍ഥം ദൈവത്തിനുള്ള അനുസരണം, കീഴ്‌വണക്കം എന്നൊക്കെയാണ്. ദൈവത്തിന്റെ സത്ത, ഗുണങ്ങള്‍, ദൈവമാര്‍ഗം, പരലോകം എന്നിവയെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാതെ ഇസ്‌ലാംഉള്‍ക്കൊള്ളാനാവില്ല. ഈ ജ്ഞാനം ദൈവത്തിന്റെ പ്രവാചകന്മാര്‍ മുഖേന മാത്രമേ ലഭിക്കൂ. അപ്പോള്‍, ഇസ്‌ലാമിന്റെ ശരിയായ നിര്‍വചനം:പ്രവാചകാധ്യാപനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പ്രവാചക മാതൃക പിന്‍പറ്റിക്കൊണ്ടും ദൈവദാസനായി ജീവിക്കുക എന്നായിത്തീരുന്നു. പ്രവാചകന്റെ സഹായമില്ലാതെ നേരിട്ട് ദൈവത്തെ അനുസരിക്കുന്നു എന്ന് വാദിക്കുന്നവന്‍ ഒരിക്കലും മുസ്‌ലിമല്ല.
2. മുന്‍കാലങ്ങളില്‍ ഓരോ സമുദായത്തിലും വെവ്വേറെ പ്രവാചകന്മാര്‍ വന്നുകൊണ്ടിരുന്നു-ഒരേ സമുദായത്തില്‍ത്തന്നെ ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന നിലയില്‍. അക്കാലത്ത്, ഓരോ സമുദായത്തെ സംബന്ധിച്ചും ഇസ്‌ലാം എന്നത് അതത് സമുദായത്തിലെ പ്രവാചകന്മാര്‍ അവരില്‍ പ്രബോധനം ചെയ്ത മതത്തിന്റെ പേരായിരുന്നു. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ എല്ലാ കാലത്തും എല്ലാ രാജ്യത്തും ഒന്നുതന്നെ ആയിരുന്നുവെങ്കിലും നിയമവ്യവസ്ഥകളും ആരാധനാമാര്‍ഗങ്ങളും വിഭിന്നങ്ങളായിരുന്നു. അതിനാല്‍, ഒരു സമുദായത്തിന് ആ സമുദായത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാരില്‍ മാത്രമേ വിശ്വസിക്കേണ്ടിയിരുന്നുള്ളൂ. ഇതര സമുദായങ്ങളിലെ പ്രവാചകന്മാരെ അനുഗമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
3. മുഹമ്മദ്‌നബി, എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കുമുള്ള പ്രവാചകനായി നിയോഗിക്കപ്പെടുകയും അദ്ദേഹം മുഖേന ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ ശരീഅത്ത് നല്‍കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ നിയമവ്യവസ്ഥ നല്‍കപ്പെടുകയും ചെയ്തു. മുഹമ്മദ്‌നബിയുടെ ദൗത്യം ഒരു പ്രത്യേക സമുദായത്തിനോ ഒരു പ്രത്യേക രാജ്യത്തിനോ ഉള്ളതല്ല. ഒരു പ്രത്യേക കാലത്തേക്ക് മാത്രവുമല്ല. മറിച്ച്, മുഴുവന്‍ മനുഷ്യവംശത്തിനുമുള്ളതാണ്; എല്ലാ കാലത്തേക്കുമുള്ളതാണ്. മുന്‍ പ്രവാചകന്മാര്‍ കൊണ്ടുവന്ന ശരീഅത്തുകളെല്ലാം തിരുമേനിയുടെ ആഗമനത്തോടെ ദുര്‍ബലപ്പെട്ടു. ഇനി ലോകാവസാനം വരെ മറ്റൊരു പ്രവാചകന്‍ വരില്ല. ദൈവത്തിങ്കല്‍നിന്ന് മറ്റൊരു ജീവിത പദ്ധതി അവതരിക്കയുമില്ല. അതിനാല്‍, ഇപ്പോള്‍ ഇസ്‌ലാം എന്നത് മുഹമ്മദ്‌നബിയെ അനുഗമിക്കുന്നതിന്റെ മാത്രം പേരാണ്. മുഹമ്മദ്‌നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങളിലെല്ലാം വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ ആജ്ഞകള്‍ ദൈവത്തിന്റെതാണെന്ന് സമ്മതിച്ച് അവയെ സര്‍വാത്മനാ അനുസരിക്കുകയും ചെയ്യുന്നതിനാണ് ഇന്ന് ഇസ്‌ലാം എന്ന് പറയുന്നത്. മുസ്‌ലിമാകുവാന്‍ നിര്‍ബന്ധപൂര്‍വം വിശ്വസിക്കേണ്ടതോ, വിശ്വസിക്കാതിരുന്നാല്‍ കാഫിറായിപ്പോകുമെന്ന് ഭയക്കേണ്ടതോ ആയ ഒരു പ്രവാചകനും ഇനി വരാനില്ല.
ഇത്രയും കാര്യങ്ങളാണ് മുമ്പ് പ്രതിപാദിച്ചത്. ഇനി, മുഹമ്മദ്‌നബി വിശ്വസിക്കാനാവശ്യപ്പെട്ട കാര്യങ്ങളെന്തെന്നും അവ എത്രമാത്രം യുക്തിഭദ്രമാണെന്നും അന്വേഷിക്കാം.
- ദൈവത്തിലുള്ള വിശ്വാസം.
- ദൈവത്തിന്റെ മലക്കുകളിലുള്ള വിശ്വാസം.
- വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
- പ്രവാചകന്‍മാരിലുള്ള വിശ്വാസം.
- പരലോകത്തിലുള്ള വിശ്വാസം.
- വിധിയിലുള്ള വിശ്വാസം.
എന്നീ ആറ് വിശ്വാസങ്ങളെയാണ് ഈമാന്‍കാര്യങ്ങള്‍ എന്ന് വിവക്ഷിക്കാറുള്ളത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.