ഏതൊരു ദര്‍ശനത്തിനും അതിന്റെതായ ഒരു പ്രപഞ്ചവീക്ഷണ മുണ്ടായിരിക്കും. ആ വീക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അതിന്റെ വൈയക്തിക സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ രൂപം കൊള്ളുന്നത്. അതിനാല്‍ ഒരു ദര്‍ശനത്തെ സമഗ്രമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ ഒന്നാമതായി അതിന്റെ പ്രപഞ്ചവീക്ഷണം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ട്.
ഈ പ്രപഞ്ചവും അതിലെ സമസ്ത വസ്തുകളുടെയും സ്രഷ്ടാവ് അത്യുന്നതനായ അല്ലാഹുവാകുന്നു. ഈ സൃഷ്ടികളുടെയെല്ലാം ഉടമസ്ഥനും അധികാരിയും കൈകാര്യകര്‍ത്താവും അല്ലാഹു മാത്രമാകുന്നു. അതിനാല്‍ പ്രപഞ്ചത്തിന്റെ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവില്‍ മാത്രം കേന്ദ്രീകൃതമാണ്. അവന്റെ അധികാരാവകാശങ്ങളില്‍ ആര്‍ക്കും പങ്കില്ല. അവന്‍ സര്‍വജ്ഞനും വൈകല്യങ്ങളില്‍ നിന്നും കുറവുകളില്‍നിന്നും മുക്തനുമാണ്. നിഖിലവും നിരീക്ഷിക്കുന്നവനും സകലതിനും സംരക്ഷണം നല്‍കുന്നതും ഏകനായ അല്ലാഹുവാണ്. ഇതേ പ്രാപഞ്ചികവിധികര്‍ത്താവായ അല്ലാഹുവാണ് മനുഷ്യന്റെ സാന്‍മാര്‍ഗികമായ വിധികര്‍ത്താവും. മനുഷ്യനെ അല്ലാഹു തന്റെ പ്രതിനിധിയാക്കിയിരിക്കുന്നു. മനുഷ്യനെ ആദരിക്കുകയും ഭൂമിയിലെ സകലതും അവന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഭൗതിക വിഭവങ്ങളും സൗകര്യങ്ങളും ഒരുക്കിയത് പോലെ അവന് വേണ്ട നിയമനിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുന്നു. അതിനായി പ്രാവാചകത്വം എന്ന സംവിധാനമേര്‍പ്പെടുത്തി. പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്ക് പരലോകത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മനുഷ്യന്‍ തന്റെ കര്‍മങ്ങള്‍ക്കുത്തരവാദിയാണ് മരണശേഷം മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അവന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗമെന്ന പ്രതിഫലമോ നരകമെന്ന ശിക്ഷയോ ലഭിക്കുകയും ചെയ്യും.
ഇതാണ് ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണം. ഇത് ശരിയായ രൂപത്തില്‍ ബോധ്യപ്പെടാതിരിക്കുന്ന പക്ഷം ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലും ആചരിക്കുന്നതിലും പാകപ്പിഴവുകള്‍ സംഭവിക്കും.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.