2010, മേയ് 1, ശനിയാഴ്‌ച

എന്തുകൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ ?

പുരുഷന്‌ ബഹുഭാര്യത്വം അനുവദിക്കുമ്പോൾ സ്ത്രീക്ക്‌ എന്തുകൊണ്ട്‌ ബഹുഭർതൃത്ത്വം അംഗീകരിച്ചുകൂടാ എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്‌. അതിന്‌ നേർക്ക്‌ നേരെയുള്ള ഉത്തരം ഒറ്റ വാചകമാണ്‌. ബഹുഭാര്യത്വം പ്രകൃതിപരമാണ്‌. അതിനാൽ ഇസ്ലാം അത്‌ അംഗീകരിക്കുന്നു. ബഹുഭർതൃത്ത്വം പ്രകൃതിവിരുദ്ധമാണ്‌, അതിനാൽ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രകൃതിവിരുദ്ധമാണെന്ന്‌ പറയാനുള്ള കാരണമെന്താണ്‌? ചില പുരുഷന്മാർക്കെങ്കിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ട പ്രകൃതിപരമായ ചില കാരണങ്ങളുണ്ടാകും. ലൈംഗികശാസ്ത്രപഠനങ്ങൾ എടുക്കാം. ഇത്തരമൊരു അവസ്ഥ സ്ത്രീകൾക്കുണ്ടാകുമോയെന്ന്‌ ലൈംഗികശാസ്ത്രജ്ഞൻമാർ പറയട്ടെ, ആരോഗ്യമുള്ള ഒരു പുരുഷനുള്ളിടത്തോളം ഒരു സ്ത്രീക്ക്‌ മറ്റൊരു പുരുഷനെ അവളുടെ ലൈംഗികതക്ക്‌ പ്രകൃതിപരമായ ആവശ്യമായി ഉപയോഗിക്കേണ്ടിവരുമെന്ന്‌ വിലാസമുള്ള ഏതെങ്കിലൊരു ലൈംഗികശാസ്ത്രജ്ഞൻ പറയട്ടെ, അപ്പോൾ നമുക്ക്‌ ഈ വിഷയം ചർച്ച ചെയ്യാവുന്നതാണ്‌.

എന്നാൽ അതല്ല വസ്തുത. സ്ത്രീക്ക്‌ ബഹുഭർതൃത്ത്വത്തിന്‌ കഴിയില്ല. സ്ത്രീയുടെ മനസ്സും ശരീരവും ആ രൂപത്തിലുള്ളതാണ്‌. ചിലപ്പോൾ ചോദിക്കാം. ലൈംഗികത്തൊഴിലാളികളില്ലേ എന്ന്‌. ലൈംഗികത്തൊഴിലാളികൾ തൊഴിലായി സ്വീകരിച്ചതാണത്‌. അവരുടെ ശരീരവും മനസ്സും സമർപ്പിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ, പുരുഷന്‌ അവരോരുരത്തർക്കും തന്റെ മനസ്സിൽ സ്ഥാനമനുവദിക്കാൻ, സ്നേഹം കൊടുക്കാൻ, ആവശ്യമായ അവകാശങ്ങൾ കൊടുക്കാൻ, ലൈംഗികമായി അവരെയെല്ലാം തൃപ്തിപ്പെടുത്താൻ കഴിയും. എന്നാൽ സ്ത്രീക്കോ? ഒന്നിലധികം പുരുഷന്മാരെ തങ്ങളുടെ മനസ്സുകൾക്കകത്തേക്ക്‌ സന്നിവേശിപ്പിക്കാൻ കഴിയില്ല. അതു കൊണ്ട്‌ തന്നെ ബഹുഭർതൃത്ത്വം പ്രകൃതിവിരുദ്ധമാണ്‌.

സ്ത്രീവിരുദ്ധവുമാണ്‌ ബഹുഭർതൃത്ത്വം. ബഹുഭാര്യത്വത്തിൽ രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ നാല്‌ പേരും പരിഗണിക്കപ്പെടുകയാണ്‌; എല്ലാ അർഥത്തിലും. സംരക്ഷിക്കപ്പെടുകയാണ്‌. അവൾക്ക്‌ ആവശ്യമായ സംവിധാനമുണ്ടാക്കപ്പെടുകയാണ്‌. അവൾക്ക്‌ ലൈംഗികമായ അവകാശങ്ങൾ നൽകപ്പെടുകയാണ്‌. എന്നാൽ ബഹുഭർതൃത്ത്വത്തിലോ? ഒന്നാമത്തെ പ്രശ്നം ലൈംഗികതയുമായി ബന്ധപ്പെട്ടത്‌ തന്നെയാണ്‌. പെണ്ണിന്‌ ലൈംഗികതയുടെ ഉണർവിന്‌ സ്വകാര്യതയും സ്പർശവുമാണ്‌ ആവശ്യം. സ്വകാര്യതയില്ലാതെ അവൾക്ക്‌ സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകില്ല.

ലൈംഗികമായ ഉണർവുണ്ടാകുവാൻ അവൾക്ക്​‍ സാഹചര്യമുണ്ടാകണം; സ്വകാര്യതയുണ്ടാകണം. ഒപ്പം തന്നെ സ്പർശനമുണ്ടാവണം. സ്ത്രീ ലൈംഗികതയുടെ ഉദ്ദീപനത്തിന്റെ കേന്ദ്രമാണ്‌ സ്പർശനം. അപ്പോഴാണ്‌ അവൾക്ക്‌ ആസക്തിയുണ്ടാകുന്നത്‌. നേരെ മറിച്ച്‌ പുരുഷന്‌ കാഴ്ചയാണ്‌ ഉദ്ദീപനത്തിന്റെ കേന്ദ്രബിന്ദു. പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളെ കൂടാതെ തന്റെ ഭർത്താവിന്‌ മറ്റൊരു ഭാര്യയുണ്ടെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ഒരു പ്രയാസമുണ്ടാകുന്നില്ല. അവന്റെ സാന്നിധ്യത്തിൽ അവന്റെ സ്വകാര്യതയിലുമല്ലാതെ അവൾക്ക്‌ അവൻ അനിവാര്യമായി വരുന്നൊരു സാഹചര്യമുണ്ടാകുന്നുണ്ട്‌. എന്നാൽ പുരുഷനതല്ലതാനും. പുരുഷന്റെ പ്രധാന ഉത്തേജനത്തിന്റെ കേന്ദ്രം കണ്ണാണ്‌. കാഴ്ചമൂലം പ്രലോഭിതനാകാം. ആസക്തനാകാം. അതുകൊണ്ടാണ്‌ മുഹമ്മദ് നബി (സ) പറഞ്ഞത്‌, നിങ്ങൾ പുറത്ത്‌ ഏതെങ്കിലും പെണ്ണിനെ കണ്ട്‌ ആഗ്രഹം തോന്നിപ്പോയാൽ നിങ്ങളുടെ വീടുകളിലെ ഇണകളിലേക്ക്‌ പോകണം എന്ന്‌. പുരുഷന്റെ സ്വാഭാവികതയാണ്‌. ആസക്തനായാൽ ഇണകളിലെത്തിച്ചേരാനുള്ള മാർഗം വേണം. താൻ ആഗ്രഹത്തോടുകൂടി ഇണയുടെ അടുത്തെത്തുമ്പോൾ അവളുടെ മറ്റൊരു ഭർത്താവുണ്ടാവുന്നത്‌ പ്രശ്നം സൃഷ്ടിക്കും. വലിയ കുഴപ്പത്തിന്‌ അത്‌ കാരണമാകും. ഇത്തരം കുഴപ്പങ്ങളിൽ പുരുഷനെക്കാളധികം പ്രയാസപ്പെടേണ്ടി വരിക സ്ത്രീയായിരിക്കും.

ഗർഭിണിയാകുമ്പോൾ മുതൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുന്നു. തീർച്ചയായും ഗർഭത്തിനാരാണ്‌ കാരണക്കാരനെന്ന്‌ മനസ്സിലാക്കുവാൻ ബഹുഭർതൃത്ത്വത്തിൽ മാർഗമൊന്നുമുണ്ടാവില്ലല്ലോ. എന്നാൽ ആ സമയത്ത്‌ പെണ്ണിന്റെ ദുർബലാവസ്ഥയിൽ അവൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ ഇതിനാരാണോ ഉത്തരവാദി അയാളുടെ തലോടലാണ്‌. അയാളുടെ സ്നേഹസ്പർശമാണ്‌. അയാളുടെ കാരുണ്യത്തിന്റെ കവിഞ്ഞൊഴുക്കാണ്‌. കുഞ്ഞാരുടേതാണന്നറിയാത്തതിന്റെ പേരിൽ സ്വാഭാവികമായും അത്തരം ഒരു സ്നേഹസ്പർശം ഉണ്ടാവില്ല. അത്തരമൊരു സാന്നിദ്ധ്യമുണ്ടാകുന്നില്ല. ഇവിടെയെല്ലാം പെണ്ണിന്റെ അവകാശങ്ങളാണ്‌ ഹനിക്കപ്പെടുന്നത്‌. അതേ പോലെത്തന്നെ പിന്നീട്‌ പ്രസവസമയത്തും ഇതേ പ്രശ്നമുണ്ട്‌. ഒരു പുരുഷന്റെ തണലും തലോടലും ഏറ്റവുമധികം ആഗ്രഹിക്കുന്ന, അനിവാര്യമായിത്തീരുന്ന അവസരം. ആ സമയത്ത്‌ ആരാണ്‌ ഇതിനുത്തരവാദി എന്നറിയാത്തതുകൊണ്ട്‌ തന്നെ സ്നേഹപ്രകടനങ്ങൾ നിഷേധിക്കുന്ന അവസ്ഥ. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ വെഎണ്ടും പ്രശ്നങ്ങളായി. കുഞ്ഞിനു നൽകേണ്ട കാര്യങ്ങൾ, ആരുടെ കുഞ്ഞാണെന്നറിയാത്തതുകൊണ്ട്‌ തന്നെ പിതാവി​‍ന്റേതായ ഒരു സ്നേഹം നൽകാൻ ആർക്കും സാധ്യമല്ല. കുട്ടികൾക്ക്‌ ചെറുപ്പം മുതൽ സ്നേഹം നൽകേണ്ടവരാണ്‌ മാതാപിതാക്കൾ. ബഹുഭർതൃത്വമുണ്ടാകുകയാണെങ്കിൽ അതുവഴി കുട്ടിയുടെ പിതൃത്വം നിർണയിക്കപ്പെടില്ല എന്നതുകൊണ്ട്‌ തന്നെ അത്തരമൊരു സ്നേഹപ്രകടനം ഉണ്ടാവില്ല. സ്വാഭാവികമായും ചോദ്യം ഉന്നയിക്കപ്പെടാം. അതിനെല്ലാം ഇന്ന്‌ മാർഗങ്ങളുണ്ടല്ലോ. ഡി.എൻ.എ ഫിംഗർ പ്രിന്റ്‌ ടെസ്റ്റ്‌ നടത്തി പിതൃനിർണയം നടത്താമല്ലോ? എന്നെല്ലാം. യഥാർഥത്തിൽ സ്നേഹം സ്വാഭാവികമായി നിർഗളിക്കേണ്ടതാണ്‌. അത്‌ ലാബോറട്ടറി ടെസ്റ്റിന്റെ അടിസ്ഥാനത്തിലുണ്ടാകേണ്ടതല്ല. ഒരു കുഞ്ഞ്‌ തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ റിപ്പോർട്ടുമായി വന്ന്‌ ഇതാ താങ്കൾ എന്റെ പിതാവാകുന്നു, അത്‌ കൊണ്ട്‌ താങ്കൾ എനിക്ക്‌ സ്നേഹം നൽകണം എന്നു പറയേണ്ട ഗതികേട്‌ അംഗീകരിക്കാനാവുമോ? അതെന്തായാലും ഇസ്ലാം അംഗീകരിക്കുന്നില്ല. പിന്നെ കുഞ്ഞിന്റെ അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയം. ആരുടെ മകനാണെന്നറിയാത്തതുകൊണ്ട്‌ തന്നെ ആരുടെ അനന്തരവകാശം കൊടുക്കും.

മറ്റൊരു പ്രശ്നം കൂടിയുണ്ട്‌. പെണ്ണിന്‌ ഏറ്റവും പ്രയാസമുള്ള സമയം അവളുടെ വാർധക്യമാണ്‌. ആ വാർധക്യത്തിൽ അവൾക്ക്‌ താങ്ങ്‌ ഏറെ ആവശ്യമുള്ള സമയമാണ്‌. ഈ സമയത്തും ബഹുഭർതൃത്ത്വം അവൾക്ക്‌ പ്രശ്നങ്ങളേ സൃഷ്ടിക്കുകയുള്ളു. സ്ത്രീയിൽ നിന്ന്‌ ഇങ്ങോട്ട്‌ ഒന്നും ലഭിക്കാത്ത ആ സമയത്ത്‌ കാരുണ്യം ചൊരിയപ്പെടേണ്ടതുണ്ട്‌. ഒന്നിലധികം പുരുഷൻമാരിൽ നിന്ന്‌ അത്തരമൊരു കാരുണ്യവർഷമുണ്ടാവുകയില്ലെന്ന്‌ ഉറപ്പാണ്‌. ഇങ്ങനെ എല്ലാ അർഥത്തിലും പ്രകൃതിവിരുദ്ധമാണ്‌; സ്ത്രീവിരുദ്ധമാണ്‌ ബഹുഭർതൃത്ത്വമെന്ന ആശയം. മാർഡോക്ക് 1170 സംസ്കാരങ്ങളെ പഠനവിധേയമാക്കിയപ്പോൾ അതിലൊരേയൊരു നാഗരികത മാത്രമാണ്‌ ബഹുഭർതൃത്ത്വം അംഗീകരിച്ചതായി കണ്ടത്‌. അതുതന്നെ പൂർണമായ അർഥത്തിലല്ലതാനും. ഇസ്ലാം ബഹുഭർതൃത്ത്വം അംഗീകരിക്കാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഇസ്ലാം പ്രകൃതിമതമാണ്‌; പ്രകൃതിവിരുദ്ധവും മാനവവിരുദ്ധവുമായ ഒരാശയവും ഇസ്ലാം പഠിപ്പിക്കുന്നില്ല. ആദ്യഭാര്യയുടെ വൈകാരിക പ്രയാസങ്ങൾ ബഹുഭാര്യത്വത്തിലേർപ്പെടുന്ന ഒരാളുടെ ആദ്യഭാര്യക്കുണ്ടാവുന്ന മാനസിക പ്രയാസങ്ങൾക്കുള്ള പരിഹാരമായി എന്താണ്‌ ഇസ്ലാമിന്‌ നിർദേശിക്കാനുള്ളത്‌?

തന്റെ ഭർത്താവ്‌ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോഴുണ്ടാകുന്ന ആദ്യഭാര്യയുടെ പെണ്ണിന്റെ വൈകാരിക പ്രയാസങ്ങൾക്കുള്ള പരിഹാരമെന്ത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ബഹുഭാര്യത്വത്തിലേർപ്പെടുന്ന തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയും കൂടി പങ്കുവെക്കുമെന്നുള്ള അറിവ്‌ സ്ത്രീയെ സംബന്ധിച്ചേടത്തോളം വൈകാരികമായി പ്രയാസമുണ്ടാക്കുന്നത്‌ തന്നെയാണ്‌. പെണ്ണിന്റെ സ്വാർഥത അവളുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്‌. നശീകരണാത്മകമായ തലത്തിലുള്ള സ്വാർഥതയല്ല ഇത്‌. പോസസ്സീവ്നസ്സ്‌ എന്നു പറയാം. തന്റേത്‌ മാത്രമാകണമെന്ന വിചാരം എന്നർഥം. ആ പോസസ്സീവ്നസ്‌ നിലനിൽക്കേണ്ടത്‌ അവളുടെ ലൈംഗികജീവിതത്തിനും കുടുംബജീവിതത്തിനും ആവശ്യം തന്നെയാണ്‌. ഇണക്ക്‌ മമ്പിൽ അവൾക്ക്‌ സ്നേഹം ചൊരിയാൻ കഴിയണമെങ്കിലും നിസ്വാർഥമായി അവൾക്ക്‌ അവളുടെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയണമെങ്കിലും ആ കുഞ്ഞുങ്ങളെ വളർത്തുന്ന രംഗത്ത്‌ അവളുടെ പൂർണമായ ആ സമർപ്പണത്തിന്‌ വേണ്ടിയുള്ളൊം തന്നെ ഈ ഒരടിസ്ഥാനപരമായ സ്വാർഥതയുണ്ടാകണം. ഇത്‌ നിലനിൽക്കുന്നതുകൊണ്ട്‌ തന്നെ തന്റെ ഇണ പങ്കുവെക്കപ്പെടുന്നുവേന്ന അറിവ്‌ സ്വാഭാവികമായും അവൾക്ക്‌ വൈകാരികമായ പ്രയാസമുണ്ടാകാം. ആ വൈകാരികപ്രയാസങ്ങളിൽ ഒരു മുസ്ലിം സ്ത്രീയെസംബന്ധിച്ചേടത്തോളം അവിടെയാണ്‌ അവൾക്ക്‌ മതം തുണയാകുന്നത്‌. മതത്തിന്റെ നിർദേശങ്ങൾ അവിടെയാണ്‌ അവൾക്ക്‌ സമാധാനമേകേണ്ടത്‌. ഇതൊരു പരീക്ഷണമായി അവൾ കാണണം. ആ പരീക്ഷണത്തിൽ പടച്ചവൻ പറഞ്ഞതനുസരിച്ച്‌ അവൾ മുന്നോട്ട്‌ പോകുമ്പോൾ തീർച്ചയായും അവൾക്ക്‌ ഇഹലോകത്തും പരലോകത്തും അതിനുള്ള പ്രതിഫലം നൽകപ്പെടുന്നതാണ്‌. അവൾ പടച്ചവന്റെ ഒരു കൽപന അനുസരിക്കുകയാണ്‌. ജീവിതത്തിലെ പ്രതിസന്ധികളുണ്ടാകാം. പ്രയാസങ്ങളുണ്ടാകാം. ആ സമയത്ത്‌ അവൾ ഏത്‌ രൂപത്തിൽ ക്ഷമിക്കേണമോ അതേ രൂപത്തിൽ ഈ രംഗത്തും ക്ഷമിക്കുവാൻ അവൾക്ക്‌ കഴിയും. ക്ഷമ പ്രതിഫലദായകമാണെന്ന പാഠം അവൾക്ക്‌ ആശ്വാസം നൽകും. അവിടെ മതത്തിന്‌ അതിന്റേതായ കൃത്യമായ കാഴ്ചപ്പാടുണ്ട്‌. ആ രംഗത്ത്‌ സ്ത്രീക്കുള്ള സമാധാനത്തിനുവേണ്ടിയുള്ള നിർദേശമുണ്ട്‌.

നിയമത്തിന്റെ രീതിയിൽ ഈ വൈകാരികപ്രയാസത്തെ പരിഹരിക്കാൻ കഴിയുമോ? പരിഹരിക്കാൻ സാധ്യമല്ല. നിയമം സംസാരിക്കുന്നത്‌ നീതിയുമായി ബന്ധപ്പെട്ടാണ്‌. പെണ്ണിനെതിരിൽ എന്തെങ്കിലും അനീതിയുണ്ടാകുന്നുവേങ്കിൽ നിയമത്തിന്‌ പരിഹരിക്കാൻ കഴിയും. പെണ്ണിനെതിരിൽ ഒരക്രമം ഉണ്ടാകുന്നുവേങ്കിൽ നിയമത്തിന്‌ അവൾക്കായി സംസാരിക്കാൻ കഴിയും. പെണ്ണിനെ ഏതെങ്കിലും രൂപത്തിൽ അവഗണിക്കുന്നുവേങ്കിൽ നിയമത്തിന്‌ അതില്ലാതെയാക്കുവാൻ കഴിയും. എന്നാൽ ഇവിടെ പെണ്ണിന്‌ മാനസികമായുണ്ടാകുന്ന പ്രയാസങ്ങൾ നിയമം മൂലം പരിഹരിക്കാൻ കഴിയുന്നതല്ല. അതൊരു വൈകാരികപ്രശ്നമാണ്‌. അതുകൊണ്ട്‌ തന്നെ ധാർമികമായ മതത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട്‌ അവിടെ പരിഹാരം നിർദേശിക്കുവാനേ സാധിക്കൂ. അതല്ലാതെ മറ്റു മാർഗങ്ങളില്ല. നല്ല ഒരു മുസ്ലിം പുരുഷനെസംബന്ധിച്ചേടത്തോളം അയാൾ ബഹുഭാര്യത്വത്തിലേർപ്പെടുമ്പോൾ അതുവഴിയുണ്ടാകുന്ന ഇണയുടെ പ്രയാസങ്ങളിൽ കൂടി താങ്ങായിത്തീരാൻ അയാൾക്ക്‌ കഴിയും. സ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക്‌ വഴി ഇത്തരം പ്രയാസങ്ങൾ കൂടി പരിഹരിക്കാൻ കഴിയും എന്നാണ്‌ പ്രവാചകന്റെയും സഹാബിമാരുടെയും അതേ പോലെ പിൻകാലമുസ്ലിംകളുടെയുമെല്ലാം സംഭവങ്ങളും ജീവചരിത്രവും നമുക്ക്‌ മനസ്സിലാക്കി തരുന്നത്‌.

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

നിരിശ്വരവാദികളുടെ ദൈവസങ്കല്‍പം

തലക്കെട്ടില്‍ വൈരുദ്ധ്യമുണ്ട് എന്ന് തോന്നിയേക്കാം. നിരിശ്വരവാദികള്‍ അല്ലെങ്കില്‍ നാസ്തികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ദൈവത്തെ നിഷേധിക്കുന്നവരാണല്ലോ പിന്നെങ്ങനെയാണ് അവരുടെ ദൈവസങ്കല്‍പം എന്ന പരാമര്‍ശത്തിന് അര്‍ഥമുണ്ടാകുക എന്ന സംശയം ന്യായമാണ്.

ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്‍ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍ തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക.

യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്‍പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്‍മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പിച്ച വ്യക്തികളെ-സംഘങ്ങളെ- അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍ സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്‍മാര്‍ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു.

2010, മാർച്ച് 16, ചൊവ്വാഴ്ച

പുതിയ ഇസ്‌ലാമിക വെബ്‌സൈറ്റ്









ഇസ്‌ലാമിക് സൈറ്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ? അങ്ങനെയെങ്കില്‍ അതിനുണ്ടായിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന മേന്‍മകളെന്തൊക്കെ?.

  • ഇസ്‌ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്നതാകണം.
  • വിഷയങ്ങള്‍ പെട്ടെന്ന് കണ്ടെത്തി അനായാസം വായിക്കാന്‍ സാധിക്കണം.
  • ആധികാരികമായിരിക്കണം. സംഘടനാപക്ഷപാതങ്ങളില്‍നിന്ന് മുക്തമായിരിക്കണം.
  • നിരന്തരം നിരീക്ഷിക്കപ്പെടുകയും അപഡേറ്റ് ചെയ്യപ്പെടുകയും വേണം.
  • വായനക്കാരുടെ സംശയങ്ങള്‍ക്ക് താമസംവിനാ പ്രതികരണം ലഭ്യമാകണം.
  • സ്വന്തന്ത്രമായി ഉപയോഗപ്പെടുത്താനും. അനായാസം ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കാനുംസാധിക്കണം.
  • വിഷയങ്ങല്‍ കാര്യമാത്ര പ്രസക്തമായിരിക്കണം. അനാവശ്യവിരണങ്ങളും സുദീര്‍ഘമായആഖ്യാനങ്ങളും ആവശ്യമില്ല.
  • ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടിലഭിക്കുന്നതാകണം.
  • ഇസ്‌ലമിനെ പഠിക്കാന്‍ അവസരം ലഭിക്കാത്ത മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ലളിതമായി കാര്യങ്ങള്‍പഠിക്കാനുതകുന്നതാകണം.
  • ആവശ്യമായ ഓഡിയോ വീഡിയോ ലഭിക്കാന്‍ സൗകര്യം വേണം.
  • ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണം

എങ്കിലിതാ നിങ്ങളെ സഹായിക്കാന്‍ www.islamdarsanam.com ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പഠനസഹായി.

ഇസ്‌ലാമിക പഠന സോഫ്റ്റ് വെയര്‍ പോലെ ലളിതം. മുകളിലെ മെയിന്‍മെനുവില്‍ ക്ലിക്ക് ചെയ്യുന്നതോടെ അതിന്റെ സബ് മെനു വലത് വശത്ത് ലഭ്യമാകുന്നു. അതില്‍ നിങ്ങള്‍ അന്വേഷിക്കുന്ന വിഷയത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രസ്തുത പേജിലേക്ക് നാവിഗേറ്റ് ചെയ്യുന്നു. അതിലെ അനുബന്ധവിഷയങ്ങള്‍ വലത് വശത്തെ മെനുവില്‍ താഴെ നിന്ന് സെലക്ട് ചെയത് വായിക്കാന്‍ കഴിയും.

പ്രസതുത ലേഖനം പ്രിന്റ് ചെയ്യാനും നിങ്ങളുടെ സുഹൃത്തിന് അയക്കാനും വളരെ നിഷ്പ്രയാസം കഴിയും.

മുകളില്‍ പറയപ്പെട്ട വിശേഷണങ്ങളോടെ ഇതാ ഇസ്‌ലാമിനെക്കുറിച്ചറിയാന്‍ ഒരു സമഗ്രസൈറ്റ്. സൈറ്റിന്റെ ബീറ്റാവേര്‍ഷനിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates