തലക്കെട്ടില്‍ വൈരുദ്ധ്യമുണ്ട് എന്ന് തോന്നിയേക്കാം. നിരിശ്വരവാദികള്‍ അല്ലെങ്കില്‍ നാസ്തികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ദൈവത്തെ നിഷേധിക്കുന്നവരാണല്ലോ പിന്നെങ്ങനെയാണ് അവരുടെ ദൈവസങ്കല്‍പം എന്ന പരാമര്‍ശത്തിന് അര്‍ഥമുണ്ടാകുക എന്ന സംശയം ന്യായമാണ്.
ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്‍ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍ തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക.
യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്‍പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്‍മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പിച്ച വ്യക്തികളെ-സംഘങ്ങളെ- അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍ സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്‍മാര്‍ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.