2011, ഏപ്രിൽ 2, ശനിയാഴ്‌ച

ഇസ്‌ലാം ഒരു ജീവിതവ്യവസ്ഥ
ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം - എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. 

ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല. ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ് വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നിര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. 

സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. 

ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍. ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്!.

സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. 

കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. 

ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates