2011 ഏപ്രിൽ 12, ചൊവ്വാഴ്ച

കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ?


ചോദ്യോത്തരം : അനുഷ്ഠാനകര്‍മങ്ങള്‍


നമസ്‌കാരവും കഅ്ബയും






ചില പ്രമുഖ ചരിത്രകാരന്മാര്‍ പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട പന്ത്രണ്ടു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും പതിനഞ്ചുമീറ്റര്‍ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിര്‍മാണചാതുരിയോ ശില്‍പഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.
മുസ്‌ലിംകള്‍ എന്തിനാണ് നമസ്‌കരിക്കുമ്പോള്‍ കഅ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നത്. അത് ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ആണോ?.
*************************************************************
ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.


കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.(ഖുര്‍ആന്‍ 2: 115)


ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും. (58:7)


മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനത്രെ നാം.(50: 16)
ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കില്‍ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാല്‍ നമസ്കാരത്തില്‍ വിശ്വമെങ്ങുമുള്ള വിശ്വാസികള്‍ക്ക് തിരിഞ്ഞുനില്‍ക്കാന്‍ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.


നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശക കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. (ഖുര്‍ആന്‍ 3:96)


ഈ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക(2:125). വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു (5: 97).


അതിനാല്‍ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. അതിനാല്‍ നിങ്ങള്‍ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിന്‍ (106:3).






എന്നാല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയോളം മനുഷ്യര്‍ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനില്‍ക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാര്‍ഥനയുടെ ദിശയുമാണത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates