2011, മേയ് 30, തിങ്കളാഴ്‌ച

നിരീശ്വരത്വം

ദൈവവീക്ഷണം:നിരീശ്വരത്വം 

ദൈവത്തെ സൃഷ്ടിച്ചതാര് ? 


പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ദൈവനിഷേധികളുടെ തുരുപ്പുശീട്ടാണ്. പ്രത്യക്ഷത്തില്‍ പ്രസക്തമായ ചോദ്യമാണ് എന്ന് തോന്നുമെങ്കിലും അതിന്റെ ഉത്തരം തേടിയാല്‍ അബദ്ധജഡിലമായ ഒരു ചോദ്യമായി നമ്മുക്കിത് അനുഭവപ്പെടും. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്‌ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ് എന്നാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്.

എന്നാല്‍ പദാര്‍ഥവാദികള്‍ പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി.  ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്. അതോടൊപ്പം ദൈവനിഷേധികളും പദാര്‍ഥവാദികളും മറ്റൊരു ചര്‍ചയും നടത്താറുണ്ട്. അത് പദാര്‍ഥവും സമയവും ബന്ധപ്പെടുത്തിയാണ്. പദാര്‍ഥം ഉണ്ടാക്കിയതാര് എന്നും പദാര്‍ഥം എന്നുണ്ടായി എന്നീ ചോദ്യത്തെ മറികടക്കുന്നതിന് വേണ്ടിയാണ് അപ്രകാരമൊരു കസര്‍ത്ത് നടത്തുന്നത് എന്ന് വ്യക്തം. സ്ഥലത്തെയും സമയത്തെയും ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ വസ്തുതപരമായി ശരിയും ഒരു വിശ്വാസിക്ക് അതുകൊണ്ടുതന്നെ അംഗീകരിക്കാവുന്നതുമാണ്. 


സമയം എന്നാല്‍ എന്താണ്?. (What is time?) കാലവും സമയവും ആപേക്ഷികമാണ്. നാം പറയുന്ന സമയം ഭൂമിയിലുള്ള മനുഷ്യന്‍ ഭൂമിയുടെയും സൂര്യന്റെയും സ്ഥാനചലനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്. നാം സൗരയൂധത്തിലെ മറ്റേതെങ്കിലും ഒരു ഗോളത്തിലായിരുന്നെങ്കില്‍ സമയം ഇപ്പോള്‍ നാം കണക്കാക്കുന്ന് പോലെയാകില്ല. അതിനുമപ്പുറം സൗരയൂധത്തിന് പുറത്തായിരുന്നെങ്കില്‍ അപ്പോഴും സമയത്തിലും കാലത്തിലും മാറ്റം വരുമായിരുന്നു. അപ്പോള്‍ സമയം പദാര്‍ഥത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇതില്‍ പദാര്‍ഥവും സമയവും തമ്മിലുള്ള ബന്ധവും നാം ഭൂമിയില്‍ കണക്കാക്കുന്ന ഒരു ദിവസമല്ല പ്രപഞ്ചത്തിന് ബാധകമായ ദിവസമെന്നു വിശ്വാസികളും കരുതുന്നു. ദൈവത്തിന്റെ പക്കല്‍ ഒരു ദിവസം അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ച ആദിമ പദാര്‍ഥം എന്തുകൊണ്ട് മഹാവിസ്‌ഫോടനത്തിന് വിധേയമായി?. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെന്ത്?. ഊഷ്മാവും സാന്ദ്രതയും വര്‍ദ്ധിച്ചു എന്നതാണ് കാരണമെങ്കില്‍ അതെങ്ങനെ സംഭവിച്ചു?. തുടങ്ങിയ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് നിഷേധികളുടെ പക്കല്‍ ഉത്തരമില്ല.      

ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന്‍ പണ്ടേ ഉള്ളവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ . ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്‍ഥവാദികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്. 

പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒന്നുമല്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന്‍ മറ്റൊരു പദാര്‍ഥമാകാനും സാധ്യമല്ല. അവന്‍ പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിയും. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത്. അസംസ്‌കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്. 

പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്‍ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. 

ദൈവമാണ് സ്രഷ്ടാവ് എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം  യുക്തിപരമായി മാത്രം അവന് ബോധ്യപ്പെട്ട കാര്യമല്ല. യുക്തിപിന്തുണക്കുന്നതോടൊപ്പം, ദൈവത്തില്‍ നിന്ന് പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട അദൃശ്യജ്ഞാനത്തിന്റെ പിന്‍ബലവും അതിനുണ്ട്. അതിബൃഹത്തായ അത്ഭുതകരമായ ഈ പ്രപഞ്ചം സര്‍വശക്തനും അനാദിയുമായ ഒരു സ്രഷ്ടാവിന്റെ ശക്തിമഹാത്മ്യത്തിന്റെ പ്രകടനമാണ് എന്ന് അത് മനുഷ്യനെ പഠിപ്പിച്ചു. പ്രപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ പിന്നില്‍ പ്രവത്തിക്കുന്ന പരാശക്തിയെ കണ്ടെത്താനും അത് മനുഷ്യനെ ഉണര്‍ത്തി. ഈ വസ്തുതകളെ നിഷേധിക്കാന്‍ തക്ക ഒരു ന്യായീകരണവും നമ്മുക്ക് ഇന്ന് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് സ്വാഭാവികമായി ദൈവനിയുക്തന്‍ എന്ന് പറയുന്ന പ്രവാചകനെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. മനുഷ്യരെ ഇത്ര വ്യവസ്ഥാപിതമായി സൃഷ്ടിച്ച നാഥന്‍ നീതിമാനാണ്. അതിനാല്‍ അവന്റെ ഉത്തരവാദിത്തമാണ്, വക്രമായ മാര്‍ഗമുള്ളതോടൊപ്പം ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കല്‍.  പ്രവാചകന് ‍, മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇത്തരം അദൃശ്യജ്ഞാനം കണ്ടെത്താന്‍ മനുഷ്യന്‍ അശക്തനാണ് അവിടെയാണ് പ്രവാചകത്വം പ്രസക്തമാകുന്നത്.  ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നാം പ്രവാചകന്‍മാരെ അവലംബിക്കുന്നു എന്ന ഒരു കാര്യം മാത്രമാണ് ഒരു ദൈവവിശ്വാസി ചെയ്യുന്നത്. പ്രവാചകന്‍മാരുടെ സത്യസന്ധത ബോധ്യപ്പെട്ടാല്‍ മനുഷ്യന് ഭൗതികമായി കണ്ടെത്താന്‍ കഴിയാത്ത ഇത്തരം അഭൗതിക കാര്യങ്ങളില്‍ ദൈവദൂതന്‍മാരെ പിന്‍പറ്റുന്നത് എങ്ങനെ യുക്തിരഹിതമാകും.

വിശ്വാസത്തെ ദൈവനിഷേധികളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവര്‍ വിശ്വസിക്കന്നത് മറ്റൊരു ദൈവനിഷേധിയെയായിരിക്കും എന്നുമാത്രം. വിശ്വാസികള്‍ പ്രവാചകനില്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിന് ശേഷമാണ്. അവരുടെ ജീവിത വിശുദ്ധിയും സത്യസന്ധയും ഒരല്‍പം നിഷ്പക്ഷതയുള്ള നല്ല മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാവുന്നതാണ്. 


സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല.  ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്‍പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.

ത്രിയേകത്വം


ദൈവവീക്ഷണം:ത്രിയേകത്വം 

ത്രിയേകത്വമാണ്‌ ക്രിസ്തുമതത്തിന്റെ അടിത്തറ. പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ മൂന്ന്‌ ഘടകങ്ങള്‍ ചേര്‍ന്ന്‌ ഒരു ദൈവം. ഇതാണ്‌ ത്രിയേകത്വം. ഈ വിശ്വാസം എത്രത്തോളം വൈരുദ്ധ്യം നിറഞ്ഞതാണെന്ന്  പ്രമുഖ ക്രിസ്തുമത പണ്ഡിതന്‍ സെയ്ന്റ്‌ അഗസ്റ്റിന്റെ വിശദീകരണത്തില്‍ നിന്ന്‌ മനസ്സിലാക്കാം: "ദൈവികത്രിത്വത്തെക്കുറിച്ച്‌ പഠിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ എനിക്ക്‌ മുമ്പ്‌ എഴുതിയിട്ടുള്ള, അഥവാ വായിക്കാന്‍ കഴിഞ്ഞ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളായ വേദപുസ്തകത്തിന്റെ പഴയതും പുതിയതുമായ കത്തോലിക്കാ വ്യഖ്യാതാക്കളെല്ലാം തന്നെ പരിശുദ്ധ വചനങ്ങള്‍ പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവിക ഏകത്വത്തില്‍ ഒരുമിച്ചിട്ടുണ്ടെന്നും അംശനീയമല്ലാത്ത തുല്യതയാണ്‌ അവയുടെ സത്തയെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ മൂന്ന്‌ ദൈവങ്ങള്‍ അല്ല; ഒരേയൊരു ദൈവം മാത്രം. എന്നിരുന്നാലും പിതാവാണ്‌ പുത്രനെ ജനിപ്പിച്ചതെന്നതിനാല്‍ പിതാവ്‌ പുത്രനല്ല; പുത്രന്‍ പിതാവിനാല്‍ ജനിപ്പിക്കപ്പെട്ടതിനാല്‍ പുത്രന്‍ പിതാവല്ല. പരിശുദ്ധാത്മാവാകട്ടെ പിതാവും പുത്രനുമല്ല. പിതാവിന്റെയും പുത്രന്റെയും ആത്മാവ്‌ മാത്രമാണ്‌ അതെങ്കിലും അത്‌ സ്വയം തന്നെ പിതാവുമായും പുത്രനുമായും തുല്യതയില്‍ സ്ഥിതി ചെയ്യുന്നു. ഏകത്വത്തിന്റെ ത്രിഭാവങ്ങളിലൊന്നാണത്‌."

വാക്കുകളിലൂടെയും തര്‍ക്കശാസ്ത്രങ്ങളിലൂടെയും വിശ്വാസ്യതയുടെ പുകമറ സൃഷ്ടിക്കാന്‍ സാധിച്ചാലും മനുഷ്യബുദ്ധി അത്തരമൊരു ദൈവസങ്കല്‍പത്തെ മനസ്സിലാക്കുന്നതില്‍ പരാചയപ്പെടും. ആദം മുതലുള്ള പ്രവാചകന്‍മാരില്‍ ആരും ദൈവത്തിന് ഇങ്ങനെയൊരു വ്യാഖ്യാനം നല്‍കിയതായി കാണാന്‍ കഴിയില്ല. ബൈബിളിലെ പുതിയനിയമത്തില്‍ പോലും സംശയലേശമന്യേ വ്യക്തമാക്കപ്പെ ഒന്നല്ല ത്രിത്വം. സെന്റ് പോളാണ് അതിന്റെ ഉപജ്ഞാതാവ് എന്ന് മനസ്സിലാക്കപ്പെടുന്നു. എന്തുകൊണ്ട് ദൈവം പ്രവാചകന്‍മാരിലൂടെ ഇങ്ങനെയൊരു ദൈവത്തെ പരിചയപ്പെടുത്തിയില്ല എന്ന് ചോദിച്ചാല്‍ മനുഷ്യന്‍ ബുദ്ധിപരമായി വളര്‍ച പ്രാപിക്കാന്‍ കാത്തിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കാറ്. എന്നാല്‍ രണ്ടായിരം വര്‍ഷത്തിന് ശേഷവും ചിത്രത്തിലൂടെയും അക്കത്തിലൂടെയും ശ്രമിച്ചിട്ടും മനുഷ്യമനസ്സില്‍ അത്തരമൊരു വിശ്വാസം സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവരുന്നു. എന്നിട്ടും ഫലം നാസ്തി എന്നതാണ് അനുഭവം.  പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ക്രിസ്തുമതത്തില്‍ നിലനിന്ന മിക്ക സങ്കല്‍പങ്ങളെയും 
വിശുദ്ധഖുര്‍ആന്‍ നിരൂപണം ചെയ്യുകയും തിരസ്കരിക്കുകയും ചെയ്യുന്നു. യേശുവിന്റെ അധ്യാപനങ്ങളില്‍ പെട്ടതായിരുന്നില്ല  എന്ന് വ്യക്തമാക്കുന്ന വസ്തുതയാണത്. ദൈവപ്രോക്തമെന്ന് കരുതപ്പെടുന്ന വിശ്വാസമായതിനാല്‍ അതിനെതിരെ ഖുര്‍ആന്റെ നിലപാട് വ്യക്തമാക്കുകയാണ് ഇതിലൂടെ. 


അല്ലാഹുവുമായുള്ള ബന്ധം



ദൈവവീക്ഷണം:ഏകദൈവത്വം

മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്.പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു. കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന്‍ ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു.

ഒന്നിലധികം ഈശ്വരന്മാര്‍ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: "ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു."(21:22) "ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു."(17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്. ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല.

കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല, രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24) ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന്‍ അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന്‍ ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന് ‍; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം. പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു. പരമദയാലു, പരമകാരുണികന്‍ എന്നിവ അല്ലാഹുവിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന്‍ ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന്‍ പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു.

അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന്‍ സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്‍കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്‍ഹിക്കുന്നവന്‍. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു. മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്.

ചുരുക്കത്തില്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം (അല്ലാഹു) ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. അതിനാല്‍ ദൈവമല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ വ്യവസ്ഥനിശ്ചയിച്ചത് ആ നിയമമനുസരിച്ചാണ് അത് ചലിച്ചുകൊണ്ടിരിക്കുന്നത്.   അതിനാല്‍ അവന്‍ പ്രാപഞ്ചിക വിധികര്‍ത്താവാണ്. ഭൂമിയില്‍ സ്വേഛപ്രകാരം ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട ഏകഭൗതിക ജീവി മനുഷ്യനാണ് എന്നാല്‍ അവന്‍ സര്‍വതന്ത്രസ്വതന്ത്രനല്ല. അവന്റെ കര്‍മങ്ങള്‍ക്ക്  ദൈവം പരിധിനിശ്ചയിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിന് വേണ്ട മുഴുവന്‍ നിയമങ്ങളും നല്‍കിയിരിക്കുന്നു. അഥവാ മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവും ദൈവമാണ്. ഇതിലൊന്നും ദൈവമല്ലാതെ ആര്‍ക്കും പങ്കില്ല.  ആ ദൈവിക നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യത മനുഷ്യനുണ്ട് എന്ന നിലയില്‍ ദൈവം യജമാനനും മനുഷ്യന്‍ അവന്റെ അടിമയുമാണ്. അവനാണ് പ്രപഞ്ചത്തിന്റെ ഉടമ എന്ന നിലയില്‍ ദൈവം സര്‍വലോകനാഥനാണ്. സകല സൗകര്യങ്ങളും നല്‍കിയതിനാ
ല്‍നമ്മുടെ  ഒരേയൊരു ആരാധ്യന്‍ ദൈവം മാത്രമാണ്.




ഖുര്‍ആന്‍ അമാനുഷികമോ ?

ചോദ്യോത്തരം:അമാനുഷികതക്ക് തെളിവ്

ചോദ്യം:ഖുര്‍ആന്‍ ദൈവികമാണെന്നതിന് തെളിവുണ്ടോ?. അത് ഖുര്‍ആന്റെ ഒരും അവകാശവാദം മാത്രമല്ലേ?.



ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.   അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല. ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി.  ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.   അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല. അനുയായികള്‍ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക. (ഖുര്‍ആന്‍ 2: 23) പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു. യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ദൈവമാണ! അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ. മുഗീറയുടെ മകന്‍ വലീദ് ഇസ്ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല. വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ല്‍ വലീദിനെ സമീപിച്ച് ഖുര്‍ആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും. ഇത് അബൂജഹ് ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവന്റെ ഭ്രാന്തന്‍ ജല്‍പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാര്‍ക്കത് കുറച്ചിലാണ്. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക. അബൂജഹ് ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന്‍ മാത്രമാണ് മുഹമ്മദ്. എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ.   നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല.   വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിന്റെ അനുയായികളായി മാറുന്നു. ഖുര്‍ആന്‍ മാനവസമൂഹത്തിന്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന്, ബോധമുള്ള ആരും അവകാശപ്പെടുകയില്ല. മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നല്‍കി. നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്‍പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം മനുഷ്യനാണ്.

2011, മേയ് 29, ഞായറാഴ്‌ച

ഖുര്‍ആനും ബൈബിളും


ചോദ്യോത്തരം :ഖുര്‍ആനും ബൈബിളും

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതോ ? 





ഖുര്‍ആനെക്കുറിച്ച് കേട്ടറിയുകയോ അല്‍പം വായിക്കുകയോ ചെയ്തിട്ടുള്ള ഭൂരിഭാഗം ക്രൈസ്തവരും പലവിഷയത്തിലെയും സാമ്യതയും പൊതുവെ പരാമര്‍ശിക്കപ്പെടുന്ന പ്രവാചക ചരിത്രവും മുന്നില്‍ വെച്ച് ബൈബിള്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തിയെഴുതി മുഹമ്മദ് നിര്‍മിച്ചുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന നിഗമനത്തിലാണ് എത്തിച്ചേരാറുള്ളത്. ഇത്തരമൊരന്വേഷണത്തില്‍ പൊതുവായി പരാമര്‍ശിക്കപ്പെട്ട അത്തരം വിഷയങ്ങള്‍ താരതമ്യം ചെയ്യാതെ മറുപടി പൂര്‍ണമാകില്ല എന്നത് ഒരു വസ്തുതയത്രേ. എന്തുകൊണ്ടാണ് വിഷയങ്ങളിലും സംഭവങ്ങളിലുമുള്ള സാമ്യത. അതിന് മറ്റുവല്ല കാരണങ്ങളുമുണ്ടോ. വ്യത്യസ്തതപുലര്‍ത്തുന്ന സംഭവങ്ങളില്‍ ഏത് ഗ്രന്ഥത്തിലേതാണ് സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് തുടങ്ങിയ സംഗതികള്‍ ചര്‍ചചെയ്യേണ്ടി വരും. ഇത്തരം സന്ദര്‍ഭത്തില്‍ അത് മറ്റുഗ്രന്ഥത്തെ താറടിക്കാനോ താഴ്തിക്കെട്ടാനോ ഉള്ള ശ്രമമായി തെറ്റിദ്ധരിക്കുന്നത് അന്വേഷണത്തിന്റെ പാതയിലുള്ള ഏറ്റവും വലിയ തടസ്സമാണ്.

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണ് എന്ന ആരോപണം പലവിധത്തില്‍ സത്യവുമായി ബന്ധമില്ല എന്ന് തെളിയിക്കാന്‍ കഴിയും. അങ്ങനെ ഒരു ആരോപണമുന്നയിക്കുന്നത് വ്യക്തമായ വസ്തുതകളുടെ പിന്‍ബലത്തിലല്ല എന്നതാണ് സത്യം. ഈ ആരോപണം സത്യമല്ലെന്ന് മാത്രമല്ല, സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.
മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.
മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.
മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ ഇന്നത്തെപ്പോലെ അന്നും വികലമായ ദൈവവിശ്വാസമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. യഹൂദന്മാര്‍ പറയുന്നു: ഉസൈര്‍ ദൈവപുത്രനാകുന്നു. ക്രൈസ്തവര്‍ പറയുന്നു: മിശിഹാ ദൈവപുത്രനാകുന്നു ഇതെല്ലാം അവര്‍ വായകൊണ്ട് പറയുന്ന നിരര്‍ഥകമായ ജല്‍പനങ്ങളത്രെ. അവര്‍, തങ്ങള്‍ക്കുമുമ്പ് സത്യനിഷേധത്തിലകപ്പെട്ടവരുടെ വാദത്തോട് സാദൃശ്യംവഹിക്കുന്നു (9:30).
അല്ലാഹു പുത്രന്മാരെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീത് ചെയ്യാനുമാണ് ഈ ഗ്രന്ഥം അവതീര്‍ണമായത്. അവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളില്‍നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. വെറും കള്ളമാണവര്‍ പറയുന്നത്  (18: 4, 5).
അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ഏകദൈവമല്ലാതെ വേറെ ദൈവമേയില്ല. അവര്‍ തങ്ങളുടെ ഇത്തരം വാദങ്ങളില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരിലെ നിഷേധികളെ വേദനാനിരതമായ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പ് നല്‍കുന്നവനുമല്ലോ ( 5: 73, 74).
ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. യഹൂദര്‍ പറഞ്ഞു: മസീഹ് ഈസബ്നു മര്‍യമിനെ- ദൈവദൂതനെ- ഞങ്ങള്‍ കൊന്നുകളഞ്ഞിരിക്കുന്നു.സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയാണുണ്ടായത്. അദ്ദേഹത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരും സംശയഗ്രസ്തര്‍ തന്നെ. അവര്‍ക്ക് അതിനെക്കുറിച്ചൊരറിവുമില്ല; ഊഹത്തെ പിന്‍പറ്റുന്നതല്ലാതെ. അവരദ്ദേഹത്തെ ഉറപ്പായും കൊന്നിട്ടില്ല (4: 157).
ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് അബദ്ധജടിലമായ അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. അവയൊന്നും ഖുര്‍ആനിലില്ലെന്നു മാത്രമല്ല; അവയുടെ സത്യസന്ധവും കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
വെയിലാറിയപ്പോള്‍ തോട്ടത്തിലൂടെ കര്‍ത്താവായ ദൈവം നടക്കുന്ന ശബ്ദം അവര്‍ കേട്ടു. ദൈവസന്നിധിയില്‍ നിന്നകന്ന് മനുഷ്യനും ഭാര്യയും തോട്ടത്തിലെ വൃക്ഷങ്ങള്‍ക്കിടയില്‍ പോയി ഒളിച്ചു  (ഉല്‍പത്തി 3:8,9).
അനന്തരം കര്‍ത്താവായ ദൈവം അരുള്‍ചെയ്തു: നോക്കുക, മനുഷ്യന്‍ നന്മതിന്മകള്‍ അറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഇനി ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ കനികൂടി പറിച്ച് തിന്ന് എന്നെന്നും ജീവിക്കാന്‍ ഇടവരരുത് (ഉല്‍പത്തി 3:22).

ഇസ്ലാമിലെ ദൈവസങ്കല്‍പത്തിനും വിശ്വാസത്തിനും കടകവിരുദ്ധമാണ് ഈ പ്രസ്താവങ്ങള്‍. ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: നോഹ് വീഞ്ഞ് കുടിച്ച് ലഹരി ബാധിച്ച് നഗ്നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ട് കാനാനിന്റെ പിതാവായ ഹാം വെളിയില്‍ ചെന്ന് മറ്റു രണ്ട് സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫെതും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലായി ഇട്ട്, പിറകോട്ട് നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. മുഖം തിരിച്ചു നടന്നതിനാല്‍ അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. മദ്യലഹരി വിട്ടുണര്‍ന്ന് തന്റെ ഇളയ പുത്രന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ നോഹ് പറഞ്ഞു: കാനാന്‍ ശപിക്കപ്പെട്ടവന്‍. അയാള്‍ സ്വന്തം സഹോദരന്മാര്‍ക്ക് അടിമകളില്‍ അടിമയായിരിക്കും. കര്‍ത്താവ് ശേമിനെ അനുഗ്രഹിക്കട്ടെ (ഉല്‍പത്തി 9: 21-26).
മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനത്രെ.
പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ക്ഷാമം രൂക്ഷമായതിനാല്‍ അബ്രാം പ്രവസിക്കുന്നതിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. ഈജിപ്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അബ്രാം ഭാര്യ സാറായോട് പറഞ്ഞു: നീ സുന്ദരിയാണെന്ന് എനിക്കറിയാം. ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ ഇയാളുടെ ഭാര്യയാണ് എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ വിടുകയും ചെയ്യും. നീ നിമിത്തം എനിക്കു നന്മ വരാന്‍ നീ എന്റെ സഹോദരിയാണെന്ന് പറയുക. നീ നിമിത്തം എന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്യും. അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ അത്യന്തം സുന്ദരിയാണെന്ന് ഈജിപ്തുകാര്‍ കണ്ടു. അവളെ കണ്ട ഫറോവന്റെ പ്രഭുക്കന്മാര്‍ ഫറോവന്റെ മുമ്പില്‍ അവളെപറ്റി പ്രശംസിച്ചു സംസാരിച്ചു. സ്ത്രീയെ ഫറോവന്റെ അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവള്‍ നിമിത്തം ഫറോവന്‍ അബ്രാമിനോട് ദയാപൂര്‍വം പെരുമാറി. അയാള്‍ക്ക് ആടുമാടുകളെയും ഭൃത്യന്മാരെയും ഭൃത്യകളെയും പെണ്‍കഴുതകളെയും ഒട്ടകങ്ങളെയും നല്‍കി (ഉല്‍പത്തി 12: 10-16).
സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരില്‍ നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: സോവറില്‍ പാര്‍ക്കാന്‍ ലോത്ത് ഭയപ്പെട്ടു. അതുകൊണ്ട് അയാള്‍ രണ്ടു പുത്രിമാരെയും കൂട്ടി സോവര്‍ നഗരത്തില്‍നിന്ന് പോയി മലയില്‍ താമസിച്ചു. അവിടെ ഒരു ഗുഹയില്‍ അവര്‍ പുത്രിമാരോടൊത്ത് പാര്‍ത്തു. മൂത്ത പുത്രി ഇളയവളോട് പറഞ്ഞു: നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണ ചേരാന്‍ ഭൂമിയില്‍ ഒരു മനുഷ്യനുമില്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍നിന്ന് സന്തതികളെ നേടാം! അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തപുത്രി അകത്തുചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റു പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്ത മകള്‍ ഇളയവളോടു പറഞ്ഞു: ഇന്നലെ ഞാന്‍ നമ്മുടെ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനോടൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടിയെടുക്കാം. അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയപുത്രി എഴുന്നേറ്റു ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചുവെന്നോ എപ്പോള്‍ എഴുന്നേറ്റുപോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി. മൂത്തവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു. അയാളാണ് ഇന്നോളമുള്ള മോവാബിയരുടെ പിതാവ്. ഇളയവളും ഒരു പുത്രനെ പ്രസവിച്ചു. അവന്ന് ബെന്‍അമ്മീ എന്ന് പേരിട്ടു. അയാളാണ് ഇന്നോളമുള്ള അമ്മേനിയരുടെ പിതാവ് (ഉല്‍പത്തി 19: 30-38).
അത്യന്തം ഹീനവും നീചവും മ്ളേഛവുമായ വൃത്തിയിലേര്‍പ്പെട്ടതായി ബൈബിള്‍ പരിചയപ്പെടുത്തിയ ലോത്തും ജീവിതവിശുദ്ധിക്കും ലൈംഗിക സദാചാരത്തിനും ജീവിതകാലം മുഴുവന്‍ നിലകൊണ്ട പരിശുദ്ധിയുടെ പ്രതീകമായ ലൂത്വ് നബിയും ഒരിക്കലും സമമാവുകയില്ല. അരാജകവാദികളായ കാമവെറിയന്മാര്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകള്‍ പരിശുദ്ധരായ പ്രവാചകന്മാരുടെമേല്‍ വച്ചുകെട്ടുകയായിരുന്നു ബൈബിള്‍. ഇത്തരം എല്ലാവിധ അപഭ്രംശങ്ങളില്‍നിന്നും തീര്‍ത്തും മോചിതമാണ് വിശുദ്ധ ഖുര്‍ആന്‍.
പ്രവാചകത്വത്തിന്റെ യഥാര്‍ഥ അവകാശിയായിരുന്ന ഏശാവില്‍നിന്ന് അപ്പവും പയര്‍പായസവും നല്‍കി അതു വാങ്ങുകയായിരുന്നു ബൈബിളിന്റെ ഭാഷയില്‍ യാക്കോബ്: ഒരിക്കല്‍ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിയില്‍നിന്ന് വിശന്നുവലഞ്ഞു കയറിവന്നു. ആ ചെമന്ന പായസത്തില്‍ ഒരു ഭാഗം എനിക്ക് തരിക. ഞാന്‍ വിശന്നുവലയുന്നു എന്ന് ഏശാവ് യാക്കോബിനോട് പറഞ്ഞു. ആദ്യം നിന്റെ ജന്മാവകാശം എനിക്കു വില്‍ക്കുക എന്ന് യാക്കോബ് പറഞ്ഞു. ഏശാവ് മറുപടി പറഞ്ഞു:മരിക്കാറായിരിക്കുന്ന എനിക്ക് ജന്മാവകാശം കൊണ്ട് എന്തു പ്രയോജനം? യാക്കോബ് പറഞ്ഞു: ആദ്യംതന്നെ എന്നോട് പ്രതിജ്ഞ ചെയ്യുക. ഏശാവ് അപ്രകാരം പ്രതിജ്ഞ ചെയ്തു. ജന്മാവകാശം യാക്കോബിനു വിറ്റു. തുടര്‍ന്ന് യാക്കോബ് ഏശാവിന് അപ്പവും പയര്‍പായസവും കൊടുത്തു. (ഉല്‍പത്തി 25: 29-34).
സ്വന്തം ജ്യേഷ്ഠന്‍ വിശന്നുവലഞ്ഞപ്പോള്‍ അതിനെ ചൂഷണംചെയ്ത് അയാളുടെ ജന്മാവകാശം തട്ടിയെടുത്ത ക്രൂരനാണ് ബൈബിളിലെ യാക്കോബ്. എന്നാല്‍ ഖുര്‍ആനിലെ യഅ്ഖൂബ്നബി വിശുദ്ധനും ക്ഷമാശീലനും പരമ മര്യാദക്കാരനുമത്രെ. ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ പിതാവ് ഇസ്ഹാഖ് കള്ളം പറഞ്ഞവനാണ്. ഇസ്ഹാഖ് ഗറാറില്‍ താമസിച്ചു. അവിടത്തെ നിവാസികള്‍ അയാളുടെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവള്‍ എന്റെ സഹോദരിയാണ് എന്ന് അയാള്‍ പറഞ്ഞു. കാരണം, അവള്‍ എന്റെ ഭാര്യയാണ് എന്നു പറയാന്‍ ഇസ്ഹാഖ് ഭയപ്പെട്ടു. റിബെക്ക സുന്ദരിയാകയാല്‍ അവള്‍ക്കു വേണ്ടി സ്ഥലവാസികള്‍ എന്നെ കൊലപ്പെടുത്തിയേക്കും എന്ന് അയാള്‍ ചിന്തിച്ചു.(ഉല്‍പത്തി 26: 6-7).
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).
ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ ഭാര്യാപിതാവ് ലാബാന്‍ കൊടിയ ചതിയനും ഭാര്യ റാഫേല്‍ വിഗ്രഹാരാധകയുമാണ് (ഉല്‍പത്തി 29: 25-30, 31: 17-23). പ്രവാചകനായ യാക്കോബിന്റെ പുത്രി വ്യഭിചരിക്കപ്പെട്ടതായും യഹൂദാ മകന്റെ ഭാര്യയെ വ്യഭിചരിച്ചതായും ബൈബിള്‍ പറയുന്നു (ഉല്‍പത്തി 38: 13-30).
ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11: 1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ടഅവാസ്തവ ക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകായോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും.

ഖുര്‍ആന്റെയും ബൈബിളിലെയും സംഭവങ്ങളിലെ സാമ്യത അവ ചരിത്ര വസ്തുതകളായത് കൊണ്ട് മാത്രമാണ്. മുഹമ്മദ് നബി പുതിയ ഒരു മതമോ വേദഗ്രന്ഥമോ അവതരിപ്പിച്ചു എന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അവകാശപ്പെടുന്നില്ല. മുഹമ്മദ് നബി പ്രാവചകന്‍മാരില്‍ ഒരു പ്രവാചകനാണെന്നും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവ പൂര്‍വ വേദങ്ങളിലുള്ളതാണെന്നും ഖുര്‍ആന്‍ തന്നെ സംശയത്തിനിട നല്‍കാത്തവിധം വ്യക്തമാക്കിയിരിക്കുന്നു:

മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിനുമുമ്പും പല പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ടു തിരിഞ്ഞുപോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. എങ്കിലും അല്ലാഹുവിനോട് നന്ദിയുള്ളവരാകുന്ന ദാസന്മാര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു.(3:144)

 ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു.അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? (എങ്കിലും അവരിലെ സത്യവിരോധികളുടെ അവസ്ഥയെന്തെന്നാല്‍) നാം ഇതിനെ ഒരു അനറബിക്ക് അവതരിപ്പിക്കുകയും എന്നിട്ട് അവന്‍ അത് (ഈ സാഹിത്യ സമ്പുഷ്ടമായ അറബിവചനം) ഇവരെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തുവെന്നുവെക്കുക, എന്നാല്‍ പോലും ഇവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ല. ഈ വിധം നാം ഇതിനെ (ഉദ്‌ബോധനത്തെ) ധിക്കാരികളുടെ ഹൃദയങ്ങളിലൂടെ കടത്തിവിടുകയാകുന്നു. അവരതു വിശ്വസിക്കുന്നതല്ല-നോവുന്ന ദൈവിക ശിക്ഷയെ കാണുന്നതുവരെ. പിന്നീട് അവരറിയാതെ ആകസ്മികമായി അത് വന്നുഭവിക്കുന്നു. അപ്പോള്‍ അവര്‍ പറയും: ഇനി,  നമുക്ക് കുറച്ച് അവധി കിട്ടാന്‍ വഴിയുണ്ടോ? 
(26:192-203)


2011, മേയ് 28, ശനിയാഴ്‌ച

ആരാണ് അല്ലാഹു




സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ്  അല്ലാഹു . ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് അല്ലാഹു വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്‍, കരീം (നാഥന്‍, കാരുണികന്‍, ഉന്നതന്‍). 

അനറബി ഭാഷകളില്‍ അല്ലാഹുവിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ അല്ലാഹു എന്നുതന്നെ വിളിച്ചുവരുന്നു.അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ യഹോവ എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് അല്ലാഹു

ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍അല്ലാഹു. അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു"(2: 255). 

ഏകദൈവത്വം അഥവാ തൗഹീദ്



ഇസ്‌ലാമിലെ ഏകദൈവത്വം ദൈവം ഏകനാണ് എന്ന് വിശ്വാസം മാത്രമല്ല. മിക്കമതത്തിന്റെ വക്താക്കളും തങ്ങള്‍ ബഹുദൈവവിശ്വാസികളാണ് എന്നംഗീകരിക്കാത്തവരാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളിലെ എണ്ണമറ്റ ഉദ്ധരണികളും മനുഷ്യന്റെ ശുദ്ധപ്രകൃതി അതിനെ തള്ളിപ്പറയുന്നതുമാകാം കാരണം. എങ്കിലും പ്രായോഗികമായി ബഹുദൈവവിശ്വാസത്തിന്റെ വ്യത്യസ്ഥ രൂപങ്ങള്‍ അവയില്‍ കാണപ്പെടാന്‍ പ്രയാസമില്ല. മാത്രമല്ല ബിംബാരാധനയും ബഹുദൈവത്വവും പാടെ നിഷേധിക്കാന്‍ കഴിയുന്നുമില്ല. എന്നാല്‍ കലര്‍പ്പറ്റ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിലെ ദൈവവീക്ഷണം.അല്ലാഹു എന്നാണ് അറബിയില്‍ സത്യദൈവത്തിന് പറയുന്ന പേര്‍. ഈ നാമത്തിന് ബഹുവചനരൂപം പോലുമില്ല. അതുകൊണ്ടാണ് മറ്റുഭാഷകളിലെ ദൈവത്തെക്കുറിക്കുന്ന നാമങ്ങള്‍ അല്ലാഹു എന്ന നാമത്തിന് പകരമാകില്ല എന്ന് പറയുന്നതിന് കാരണം. ദൈവം എന്ന പദത്തിന് ദൈവങ്ങള്‍ എന്ന ബഹുവചന രൂപമുണ്ടല്ലോ. ഇലാഹ് എന്ന അറബി പദമാണ് ഇതിന് സമാനം എന്ന് പറയാം. 

ദൈവം ഏകനായ അസ്തിത്വം, എന്നതില്‍ അവസാനിക്കുകയില്ല ഇസ്‌ലാമിലെ ഏകദൈവത്വം എന്ന് പറഞ്ഞുകഴിഞ്ഞു. ഗുണങ്ങളിലോ സത്തയിലോ അധികാരാവകാശങ്ങിലോ ദൈവത്തെ തനിച്ചാക്കുക (ഏകാനാക്കുക) എന്നതാണ് ഏകദൈവത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. തൗഹീദ് എന്നാണ് ഇതിന് പറയുന്ന അറബി പദം. ഖുര്‍ആനില്‍ ഈ പദം പ്രയോഗിച്ചിട്ടില്ലെങ്കിലും ഈ പദം ഇസ്്‌ലാമിക സാങ്കേതിക പദങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. തൗഹീദ് എന്താണ് എന്ന് വ്യക്തമായി മനസ്സിലാകാതിരുന്നാല്‍ എന്താണ് ഏകദൈവത്വമെന്നും ബഹുദൈവത്വമെന്നും തിരിച്ചറിയാന്‍ പ്രയാസം നേരിടും. ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന്‍ മുമ്പ്. ആരാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു എന്ന് നോക്കാം.


 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates