2011, മേയ് 30, തിങ്കളാഴ്‌ച

നിരീശ്വരത്വം

ദൈവവീക്ഷണം:നിരീശ്വരത്വം 

ദൈവത്തെ സൃഷ്ടിച്ചതാര് ? 


പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ദൈവനിഷേധികളുടെ തുരുപ്പുശീട്ടാണ്. പ്രത്യക്ഷത്തില്‍ പ്രസക്തമായ ചോദ്യമാണ് എന്ന് തോന്നുമെങ്കിലും അതിന്റെ ഉത്തരം തേടിയാല്‍ അബദ്ധജഡിലമായ ഒരു ചോദ്യമായി നമ്മുക്കിത് അനുഭവപ്പെടും. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്‌ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ് എന്നാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്.

എന്നാല്‍ പദാര്‍ഥവാദികള്‍ പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി.  ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്. അതോടൊപ്പം ദൈവനിഷേധികളും പദാര്‍ഥവാദികളും മറ്റൊരു ചര്‍ചയും നടത്താറുണ്ട്. അത് പദാര്‍ഥവും സമയവും ബന്ധപ്പെടുത്തിയാണ്. പദാര്‍ഥം ഉണ്ടാക്കിയതാര് എന്നും പദാര്‍ഥം എന്നുണ്ടായി എന്നീ ചോദ്യത്തെ മറികടക്കുന്നതിന് വേണ്ടിയാണ് അപ്രകാരമൊരു കസര്‍ത്ത് നടത്തുന്നത് എന്ന് വ്യക്തം. സ്ഥലത്തെയും സമയത്തെയും ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ വസ്തുതപരമായി ശരിയും ഒരു വിശ്വാസിക്ക് അതുകൊണ്ടുതന്നെ അംഗീകരിക്കാവുന്നതുമാണ്. 


സമയം എന്നാല്‍ എന്താണ്?. (What is time?) കാലവും സമയവും ആപേക്ഷികമാണ്. നാം പറയുന്ന സമയം ഭൂമിയിലുള്ള മനുഷ്യന്‍ ഭൂമിയുടെയും സൂര്യന്റെയും സ്ഥാനചലനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്. നാം സൗരയൂധത്തിലെ മറ്റേതെങ്കിലും ഒരു ഗോളത്തിലായിരുന്നെങ്കില്‍ സമയം ഇപ്പോള്‍ നാം കണക്കാക്കുന്ന് പോലെയാകില്ല. അതിനുമപ്പുറം സൗരയൂധത്തിന് പുറത്തായിരുന്നെങ്കില്‍ അപ്പോഴും സമയത്തിലും കാലത്തിലും മാറ്റം വരുമായിരുന്നു. അപ്പോള്‍ സമയം പദാര്‍ഥത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇതില്‍ പദാര്‍ഥവും സമയവും തമ്മിലുള്ള ബന്ധവും നാം ഭൂമിയില്‍ കണക്കാക്കുന്ന ഒരു ദിവസമല്ല പ്രപഞ്ചത്തിന് ബാധകമായ ദിവസമെന്നു വിശ്വാസികളും കരുതുന്നു. ദൈവത്തിന്റെ പക്കല്‍ ഒരു ദിവസം അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ച ആദിമ പദാര്‍ഥം എന്തുകൊണ്ട് മഹാവിസ്‌ഫോടനത്തിന് വിധേയമായി?. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെന്ത്?. ഊഷ്മാവും സാന്ദ്രതയും വര്‍ദ്ധിച്ചു എന്നതാണ് കാരണമെങ്കില്‍ അതെങ്ങനെ സംഭവിച്ചു?. തുടങ്ങിയ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് നിഷേധികളുടെ പക്കല്‍ ഉത്തരമില്ല.      

ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന്‍ പണ്ടേ ഉള്ളവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ . ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്‍ഥവാദികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്. 

പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒന്നുമല്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന്‍ മറ്റൊരു പദാര്‍ഥമാകാനും സാധ്യമല്ല. അവന്‍ പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിയും. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത്. അസംസ്‌കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്. 

പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്‍ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. 

ദൈവമാണ് സ്രഷ്ടാവ് എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം  യുക്തിപരമായി മാത്രം അവന് ബോധ്യപ്പെട്ട കാര്യമല്ല. യുക്തിപിന്തുണക്കുന്നതോടൊപ്പം, ദൈവത്തില്‍ നിന്ന് പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട അദൃശ്യജ്ഞാനത്തിന്റെ പിന്‍ബലവും അതിനുണ്ട്. അതിബൃഹത്തായ അത്ഭുതകരമായ ഈ പ്രപഞ്ചം സര്‍വശക്തനും അനാദിയുമായ ഒരു സ്രഷ്ടാവിന്റെ ശക്തിമഹാത്മ്യത്തിന്റെ പ്രകടനമാണ് എന്ന് അത് മനുഷ്യനെ പഠിപ്പിച്ചു. പ്രപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ പിന്നില്‍ പ്രവത്തിക്കുന്ന പരാശക്തിയെ കണ്ടെത്താനും അത് മനുഷ്യനെ ഉണര്‍ത്തി. ഈ വസ്തുതകളെ നിഷേധിക്കാന്‍ തക്ക ഒരു ന്യായീകരണവും നമ്മുക്ക് ഇന്ന് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് സ്വാഭാവികമായി ദൈവനിയുക്തന്‍ എന്ന് പറയുന്ന പ്രവാചകനെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. മനുഷ്യരെ ഇത്ര വ്യവസ്ഥാപിതമായി സൃഷ്ടിച്ച നാഥന്‍ നീതിമാനാണ്. അതിനാല്‍ അവന്റെ ഉത്തരവാദിത്തമാണ്, വക്രമായ മാര്‍ഗമുള്ളതോടൊപ്പം ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കല്‍.  പ്രവാചകന് ‍, മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇത്തരം അദൃശ്യജ്ഞാനം കണ്ടെത്താന്‍ മനുഷ്യന്‍ അശക്തനാണ് അവിടെയാണ് പ്രവാചകത്വം പ്രസക്തമാകുന്നത്.  ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നാം പ്രവാചകന്‍മാരെ അവലംബിക്കുന്നു എന്ന ഒരു കാര്യം മാത്രമാണ് ഒരു ദൈവവിശ്വാസി ചെയ്യുന്നത്. പ്രവാചകന്‍മാരുടെ സത്യസന്ധത ബോധ്യപ്പെട്ടാല്‍ മനുഷ്യന് ഭൗതികമായി കണ്ടെത്താന്‍ കഴിയാത്ത ഇത്തരം അഭൗതിക കാര്യങ്ങളില്‍ ദൈവദൂതന്‍മാരെ പിന്‍പറ്റുന്നത് എങ്ങനെ യുക്തിരഹിതമാകും.

വിശ്വാസത്തെ ദൈവനിഷേധികളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവര്‍ വിശ്വസിക്കന്നത് മറ്റൊരു ദൈവനിഷേധിയെയായിരിക്കും എന്നുമാത്രം. വിശ്വാസികള്‍ പ്രവാചകനില്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിന് ശേഷമാണ്. അവരുടെ ജീവിത വിശുദ്ധിയും സത്യസന്ധയും ഒരല്‍പം നിഷ്പക്ഷതയുള്ള നല്ല മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാവുന്നതാണ്. 


സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന്‍ സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല.  ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്‍പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates