2011, മേയ് 29, ഞായറാഴ്‌ച

ഖുര്‍ആനും ബൈബിളും


ചോദ്യോത്തരം :ഖുര്‍ആനും ബൈബിളും

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതോ ? 





ഖുര്‍ആനെക്കുറിച്ച് കേട്ടറിയുകയോ അല്‍പം വായിക്കുകയോ ചെയ്തിട്ടുള്ള ഭൂരിഭാഗം ക്രൈസ്തവരും പലവിഷയത്തിലെയും സാമ്യതയും പൊതുവെ പരാമര്‍ശിക്കപ്പെടുന്ന പ്രവാചക ചരിത്രവും മുന്നില്‍ വെച്ച് ബൈബിള്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തിയെഴുതി മുഹമ്മദ് നിര്‍മിച്ചുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന നിഗമനത്തിലാണ് എത്തിച്ചേരാറുള്ളത്. ഇത്തരമൊരന്വേഷണത്തില്‍ പൊതുവായി പരാമര്‍ശിക്കപ്പെട്ട അത്തരം വിഷയങ്ങള്‍ താരതമ്യം ചെയ്യാതെ മറുപടി പൂര്‍ണമാകില്ല എന്നത് ഒരു വസ്തുതയത്രേ. എന്തുകൊണ്ടാണ് വിഷയങ്ങളിലും സംഭവങ്ങളിലുമുള്ള സാമ്യത. അതിന് മറ്റുവല്ല കാരണങ്ങളുമുണ്ടോ. വ്യത്യസ്തതപുലര്‍ത്തുന്ന സംഭവങ്ങളില്‍ ഏത് ഗ്രന്ഥത്തിലേതാണ് സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് തുടങ്ങിയ സംഗതികള്‍ ചര്‍ചചെയ്യേണ്ടി വരും. ഇത്തരം സന്ദര്‍ഭത്തില്‍ അത് മറ്റുഗ്രന്ഥത്തെ താറടിക്കാനോ താഴ്തിക്കെട്ടാനോ ഉള്ള ശ്രമമായി തെറ്റിദ്ധരിക്കുന്നത് അന്വേഷണത്തിന്റെ പാതയിലുള്ള ഏറ്റവും വലിയ തടസ്സമാണ്.

ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണ് എന്ന ആരോപണം പലവിധത്തില്‍ സത്യവുമായി ബന്ധമില്ല എന്ന് തെളിയിക്കാന്‍ കഴിയും. അങ്ങനെ ഒരു ആരോപണമുന്നയിക്കുന്നത് വ്യക്തമായ വസ്തുതകളുടെ പിന്‍ബലത്തിലല്ല എന്നതാണ് സത്യം. ഈ ആരോപണം സത്യമല്ലെന്ന് മാത്രമല്ല, സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.
മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.
മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.
മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ ഇന്നത്തെപ്പോലെ അന്നും വികലമായ ദൈവവിശ്വാസമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. യഹൂദന്മാര്‍ പറയുന്നു: ഉസൈര്‍ ദൈവപുത്രനാകുന്നു. ക്രൈസ്തവര്‍ പറയുന്നു: മിശിഹാ ദൈവപുത്രനാകുന്നു ഇതെല്ലാം അവര്‍ വായകൊണ്ട് പറയുന്ന നിരര്‍ഥകമായ ജല്‍പനങ്ങളത്രെ. അവര്‍, തങ്ങള്‍ക്കുമുമ്പ് സത്യനിഷേധത്തിലകപ്പെട്ടവരുടെ വാദത്തോട് സാദൃശ്യംവഹിക്കുന്നു (9:30).
അല്ലാഹു പുത്രന്മാരെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീത് ചെയ്യാനുമാണ് ഈ ഗ്രന്ഥം അവതീര്‍ണമായത്. അവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളില്‍നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. വെറും കള്ളമാണവര്‍ പറയുന്നത്  (18: 4, 5).
അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ഏകദൈവമല്ലാതെ വേറെ ദൈവമേയില്ല. അവര്‍ തങ്ങളുടെ ഇത്തരം വാദങ്ങളില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരിലെ നിഷേധികളെ വേദനാനിരതമായ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പ് നല്‍കുന്നവനുമല്ലോ ( 5: 73, 74).
ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. യഹൂദര്‍ പറഞ്ഞു: മസീഹ് ഈസബ്നു മര്‍യമിനെ- ദൈവദൂതനെ- ഞങ്ങള്‍ കൊന്നുകളഞ്ഞിരിക്കുന്നു.സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയാണുണ്ടായത്. അദ്ദേഹത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരും സംശയഗ്രസ്തര്‍ തന്നെ. അവര്‍ക്ക് അതിനെക്കുറിച്ചൊരറിവുമില്ല; ഊഹത്തെ പിന്‍പറ്റുന്നതല്ലാതെ. അവരദ്ദേഹത്തെ ഉറപ്പായും കൊന്നിട്ടില്ല (4: 157).
ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് അബദ്ധജടിലമായ അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. അവയൊന്നും ഖുര്‍ആനിലില്ലെന്നു മാത്രമല്ല; അവയുടെ സത്യസന്ധവും കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
വെയിലാറിയപ്പോള്‍ തോട്ടത്തിലൂടെ കര്‍ത്താവായ ദൈവം നടക്കുന്ന ശബ്ദം അവര്‍ കേട്ടു. ദൈവസന്നിധിയില്‍ നിന്നകന്ന് മനുഷ്യനും ഭാര്യയും തോട്ടത്തിലെ വൃക്ഷങ്ങള്‍ക്കിടയില്‍ പോയി ഒളിച്ചു  (ഉല്‍പത്തി 3:8,9).
അനന്തരം കര്‍ത്താവായ ദൈവം അരുള്‍ചെയ്തു: നോക്കുക, മനുഷ്യന്‍ നന്മതിന്മകള്‍ അറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഇനി ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ കനികൂടി പറിച്ച് തിന്ന് എന്നെന്നും ജീവിക്കാന്‍ ഇടവരരുത് (ഉല്‍പത്തി 3:22).

ഇസ്ലാമിലെ ദൈവസങ്കല്‍പത്തിനും വിശ്വാസത്തിനും കടകവിരുദ്ധമാണ് ഈ പ്രസ്താവങ്ങള്‍. ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: നോഹ് വീഞ്ഞ് കുടിച്ച് ലഹരി ബാധിച്ച് നഗ്നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ട് കാനാനിന്റെ പിതാവായ ഹാം വെളിയില്‍ ചെന്ന് മറ്റു രണ്ട് സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫെതും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലായി ഇട്ട്, പിറകോട്ട് നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. മുഖം തിരിച്ചു നടന്നതിനാല്‍ അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. മദ്യലഹരി വിട്ടുണര്‍ന്ന് തന്റെ ഇളയ പുത്രന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ നോഹ് പറഞ്ഞു: കാനാന്‍ ശപിക്കപ്പെട്ടവന്‍. അയാള്‍ സ്വന്തം സഹോദരന്മാര്‍ക്ക് അടിമകളില്‍ അടിമയായിരിക്കും. കര്‍ത്താവ് ശേമിനെ അനുഗ്രഹിക്കട്ടെ (ഉല്‍പത്തി 9: 21-26).
മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനത്രെ.
പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ക്ഷാമം രൂക്ഷമായതിനാല്‍ അബ്രാം പ്രവസിക്കുന്നതിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. ഈജിപ്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അബ്രാം ഭാര്യ സാറായോട് പറഞ്ഞു: നീ സുന്ദരിയാണെന്ന് എനിക്കറിയാം. ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ ഇയാളുടെ ഭാര്യയാണ് എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ വിടുകയും ചെയ്യും. നീ നിമിത്തം എനിക്കു നന്മ വരാന്‍ നീ എന്റെ സഹോദരിയാണെന്ന് പറയുക. നീ നിമിത്തം എന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്യും. അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ അത്യന്തം സുന്ദരിയാണെന്ന് ഈജിപ്തുകാര്‍ കണ്ടു. അവളെ കണ്ട ഫറോവന്റെ പ്രഭുക്കന്മാര്‍ ഫറോവന്റെ മുമ്പില്‍ അവളെപറ്റി പ്രശംസിച്ചു സംസാരിച്ചു. സ്ത്രീയെ ഫറോവന്റെ അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവള്‍ നിമിത്തം ഫറോവന്‍ അബ്രാമിനോട് ദയാപൂര്‍വം പെരുമാറി. അയാള്‍ക്ക് ആടുമാടുകളെയും ഭൃത്യന്മാരെയും ഭൃത്യകളെയും പെണ്‍കഴുതകളെയും ഒട്ടകങ്ങളെയും നല്‍കി (ഉല്‍പത്തി 12: 10-16).
സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരില്‍ നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: സോവറില്‍ പാര്‍ക്കാന്‍ ലോത്ത് ഭയപ്പെട്ടു. അതുകൊണ്ട് അയാള്‍ രണ്ടു പുത്രിമാരെയും കൂട്ടി സോവര്‍ നഗരത്തില്‍നിന്ന് പോയി മലയില്‍ താമസിച്ചു. അവിടെ ഒരു ഗുഹയില്‍ അവര്‍ പുത്രിമാരോടൊത്ത് പാര്‍ത്തു. മൂത്ത പുത്രി ഇളയവളോട് പറഞ്ഞു: നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണ ചേരാന്‍ ഭൂമിയില്‍ ഒരു മനുഷ്യനുമില്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍നിന്ന് സന്തതികളെ നേടാം! അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തപുത്രി അകത്തുചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റു പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്ത മകള്‍ ഇളയവളോടു പറഞ്ഞു: ഇന്നലെ ഞാന്‍ നമ്മുടെ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനോടൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടിയെടുക്കാം. അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയപുത്രി എഴുന്നേറ്റു ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചുവെന്നോ എപ്പോള്‍ എഴുന്നേറ്റുപോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി. മൂത്തവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു. അയാളാണ് ഇന്നോളമുള്ള മോവാബിയരുടെ പിതാവ്. ഇളയവളും ഒരു പുത്രനെ പ്രസവിച്ചു. അവന്ന് ബെന്‍അമ്മീ എന്ന് പേരിട്ടു. അയാളാണ് ഇന്നോളമുള്ള അമ്മേനിയരുടെ പിതാവ് (ഉല്‍പത്തി 19: 30-38).
അത്യന്തം ഹീനവും നീചവും മ്ളേഛവുമായ വൃത്തിയിലേര്‍പ്പെട്ടതായി ബൈബിള്‍ പരിചയപ്പെടുത്തിയ ലോത്തും ജീവിതവിശുദ്ധിക്കും ലൈംഗിക സദാചാരത്തിനും ജീവിതകാലം മുഴുവന്‍ നിലകൊണ്ട പരിശുദ്ധിയുടെ പ്രതീകമായ ലൂത്വ് നബിയും ഒരിക്കലും സമമാവുകയില്ല. അരാജകവാദികളായ കാമവെറിയന്മാര്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകള്‍ പരിശുദ്ധരായ പ്രവാചകന്മാരുടെമേല്‍ വച്ചുകെട്ടുകയായിരുന്നു ബൈബിള്‍. ഇത്തരം എല്ലാവിധ അപഭ്രംശങ്ങളില്‍നിന്നും തീര്‍ത്തും മോചിതമാണ് വിശുദ്ധ ഖുര്‍ആന്‍.
പ്രവാചകത്വത്തിന്റെ യഥാര്‍ഥ അവകാശിയായിരുന്ന ഏശാവില്‍നിന്ന് അപ്പവും പയര്‍പായസവും നല്‍കി അതു വാങ്ങുകയായിരുന്നു ബൈബിളിന്റെ ഭാഷയില്‍ യാക്കോബ്: ഒരിക്കല്‍ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിയില്‍നിന്ന് വിശന്നുവലഞ്ഞു കയറിവന്നു. ആ ചെമന്ന പായസത്തില്‍ ഒരു ഭാഗം എനിക്ക് തരിക. ഞാന്‍ വിശന്നുവലയുന്നു എന്ന് ഏശാവ് യാക്കോബിനോട് പറഞ്ഞു. ആദ്യം നിന്റെ ജന്മാവകാശം എനിക്കു വില്‍ക്കുക എന്ന് യാക്കോബ് പറഞ്ഞു. ഏശാവ് മറുപടി പറഞ്ഞു:മരിക്കാറായിരിക്കുന്ന എനിക്ക് ജന്മാവകാശം കൊണ്ട് എന്തു പ്രയോജനം? യാക്കോബ് പറഞ്ഞു: ആദ്യംതന്നെ എന്നോട് പ്രതിജ്ഞ ചെയ്യുക. ഏശാവ് അപ്രകാരം പ്രതിജ്ഞ ചെയ്തു. ജന്മാവകാശം യാക്കോബിനു വിറ്റു. തുടര്‍ന്ന് യാക്കോബ് ഏശാവിന് അപ്പവും പയര്‍പായസവും കൊടുത്തു. (ഉല്‍പത്തി 25: 29-34).
സ്വന്തം ജ്യേഷ്ഠന്‍ വിശന്നുവലഞ്ഞപ്പോള്‍ അതിനെ ചൂഷണംചെയ്ത് അയാളുടെ ജന്മാവകാശം തട്ടിയെടുത്ത ക്രൂരനാണ് ബൈബിളിലെ യാക്കോബ്. എന്നാല്‍ ഖുര്‍ആനിലെ യഅ്ഖൂബ്നബി വിശുദ്ധനും ക്ഷമാശീലനും പരമ മര്യാദക്കാരനുമത്രെ. ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ പിതാവ് ഇസ്ഹാഖ് കള്ളം പറഞ്ഞവനാണ്. ഇസ്ഹാഖ് ഗറാറില്‍ താമസിച്ചു. അവിടത്തെ നിവാസികള്‍ അയാളുടെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവള്‍ എന്റെ സഹോദരിയാണ് എന്ന് അയാള്‍ പറഞ്ഞു. കാരണം, അവള്‍ എന്റെ ഭാര്യയാണ് എന്നു പറയാന്‍ ഇസ്ഹാഖ് ഭയപ്പെട്ടു. റിബെക്ക സുന്ദരിയാകയാല്‍ അവള്‍ക്കു വേണ്ടി സ്ഥലവാസികള്‍ എന്നെ കൊലപ്പെടുത്തിയേക്കും എന്ന് അയാള്‍ ചിന്തിച്ചു.(ഉല്‍പത്തി 26: 6-7).
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).
ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ ഭാര്യാപിതാവ് ലാബാന്‍ കൊടിയ ചതിയനും ഭാര്യ റാഫേല്‍ വിഗ്രഹാരാധകയുമാണ് (ഉല്‍പത്തി 29: 25-30, 31: 17-23). പ്രവാചകനായ യാക്കോബിന്റെ പുത്രി വ്യഭിചരിക്കപ്പെട്ടതായും യഹൂദാ മകന്റെ ഭാര്യയെ വ്യഭിചരിച്ചതായും ബൈബിള്‍ പറയുന്നു (ഉല്‍പത്തി 38: 13-30).
ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11: 1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ടഅവാസ്തവ ക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകായോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും.

ഖുര്‍ആന്റെയും ബൈബിളിലെയും സംഭവങ്ങളിലെ സാമ്യത അവ ചരിത്ര വസ്തുതകളായത് കൊണ്ട് മാത്രമാണ്. മുഹമ്മദ് നബി പുതിയ ഒരു മതമോ വേദഗ്രന്ഥമോ അവതരിപ്പിച്ചു എന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അവകാശപ്പെടുന്നില്ല. മുഹമ്മദ് നബി പ്രാവചകന്‍മാരില്‍ ഒരു പ്രവാചകനാണെന്നും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവ പൂര്‍വ വേദങ്ങളിലുള്ളതാണെന്നും ഖുര്‍ആന്‍ തന്നെ സംശയത്തിനിട നല്‍കാത്തവിധം വ്യക്തമാക്കിയിരിക്കുന്നു:

മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിനുമുമ്പും പല പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ടു തിരിഞ്ഞുപോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. എങ്കിലും അല്ലാഹുവിനോട് നന്ദിയുള്ളവരാകുന്ന ദാസന്മാര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു.(3:144)

 ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു.അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? (എങ്കിലും അവരിലെ സത്യവിരോധികളുടെ അവസ്ഥയെന്തെന്നാല്‍) നാം ഇതിനെ ഒരു അനറബിക്ക് അവതരിപ്പിക്കുകയും എന്നിട്ട് അവന്‍ അത് (ഈ സാഹിത്യ സമ്പുഷ്ടമായ അറബിവചനം) ഇവരെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തുവെന്നുവെക്കുക, എന്നാല്‍ പോലും ഇവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ല. ഈ വിധം നാം ഇതിനെ (ഉദ്‌ബോധനത്തെ) ധിക്കാരികളുടെ ഹൃദയങ്ങളിലൂടെ കടത്തിവിടുകയാകുന്നു. അവരതു വിശ്വസിക്കുന്നതല്ല-നോവുന്ന ദൈവിക ശിക്ഷയെ കാണുന്നതുവരെ. പിന്നീട് അവരറിയാതെ ആകസ്മികമായി അത് വന്നുഭവിക്കുന്നു. അപ്പോള്‍ അവര്‍ പറയും: ഇനി,  നമുക്ക് കുറച്ച് അവധി കിട്ടാന്‍ വഴിയുണ്ടോ? 
(26:192-203)


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates